വീട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ കയറിയിരുന്ന് മദ്യപാനം, ചോദ്യം ചെയ്ത ഉടമയെ ആക്രമിച്ചത് ജാക്കി ലിവർ കൊണ്ട്.. ഒരാൾ..

വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ കയറിയിരുന്ന് മദ്യപിച്ച സംഘത്തെ ചോദ്യം ചെയ്ത വാഹന ഉടമയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂനഗർ സ്വദേശി എം. മുനീശ്വരൻ (40) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ന്യൂനഗർ സ്വദേശി എ. അഗസ്റ്റിൻ ബാബു (51) അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

അഗസ്റ്റിൻ ബാബുവിന്റെ വീടിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിൽ മുനീശ്വരനും സംഘവും മദ്യപിക്കുന്നത് കണ്ടതിനെ തുടർന്ന് അദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെച്ചൊല്ലി വാക്കുതർക്കം ഉണ്ടായതോടെ വാഹനത്തിലുണ്ടായിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് പ്രതികൾ അഗസ്റ്റിൻ ബാബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടെങ്കിലും, എസ്‌ഐ കെ.പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ മുനീശ്വരനെ ചൊവ്വാഴ്ച പിടികൂടി. തുടർന്ന് ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾ മുനീശ്വരന്റെ ബന്ധുക്കളാണെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button