പഠിച്ചില്ലെങ്കിൽ പണി കിട്ടും.. മണ്ഡലം തലത്തിൽ ബിജെപി നേതാക്കൾക്ക് ക്ലാസും പരീക്ഷയും… നിർണായക നീക്കവുമായി സംസ്ഥാന അധ്യക്ഷൻ

കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയില്‍ നേതാക്കൾക്കായി നേതൃത്വ ക്ലാസും പരീക്ഷയും നടത്തുന്നു. സംഘടനയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള, നേതൃപാടവമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി തലത്തിൽ ഈ വേറിട്ട ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ക്ലാസും പരീക്ഷയും സംഘടിപ്പിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസുകളും പരീക്ഷയും സംഘടിപ്പിക്കുക. ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കള്‍ മുതല്‍ ഈ ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കണം. ‘പ്രശിക്ഷണ്‍ ശിബിരം’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പിൽ സംഘടനാപരവും ആശയപരവുമായ ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഠന ക്ലാസിന് ശേഷമായിരിക്കും പരീക്ഷ നടത്തുക. ഈ പരീക്ഷയില്‍ നേതാക്കള്‍ പാസ്സായിരിക്കണം എന്നത് നിർബന്ധമാണ്. ആശയപരമായ അറിവുകൾക്ക് പുറമേ, നേതാക്കന്മാര്‍ക്ക് എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യവും ഈ ക്യാമ്പിനുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക ആപ്പ് കൈകാര്യം ചെയ്യാന്‍ എല്ലാ തലങ്ങളിലുമുള്ള നേതാക്കളെയും പ്രാപ്തരാക്കും. ആപ്പില്‍ വിവരങ്ങളും പ്രവർത്തനങ്ങളും അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിലൂടെ മനസിലാക്കി നൽകും. പഠന ക്ലാസുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നേതാക്കൾ കൃത്യമായി സ്വായത്തമാക്കിയോ എന്നറിയാനാണ് അവസാനം പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലും ഇത്തരത്തിൽ പരീക്ഷ നടത്താനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുൻപ് താഴെത്തട്ടിലുള്ള നേതാക്കളെ വരെ ഡിജിറ്റലായും ആശയപരമായും സുസജ്ജരാക്കുകയാണ് ഈ പരീക്ഷാ പരീക്ഷണത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

Related Articles

Back to top button