പാലക്കാട് വണ്ടിത്താവളത്തിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരമർദ്ദനം….

പാലക്കാട്: പാലക്കാട് വണ്ടിത്താവളത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ അച്ഛൻ അതിക്രൂരമായി മർദ്ദിച്ച സംഭവം പുറത്ത്. വലിയ വടി ഉപയോഗിച്ച് കുഞ്ഞിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

മർദ്ദനമേറ്റ് പിഞ്ചുകുട്ടി നിലവിളിക്കുന്നതും അടികൊണ്ട് നിലത്തുവീഴുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മീനാക്ഷിപുരം പോലീസ് ഉടനടി ഇടപെട്ടു. ദൃശ്യങ്ങളിൽ നിന്നും വീട് തിരിച്ചറിഞ്ഞ് പോലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. അച്ഛൻ ലഹരിക്കടിമയാണെന്നാണ് സമീപവാസികൾ പോലീസിന് നൽകിയിട്ടുള്ള മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല.

അതേസമയം, കുട്ടിയെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ പരാതി നൽകാനോ മൊഴി നൽകാനോ കുട്ടിയോ അമ്മയോ തയ്യാറായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഔദ്യോഗികമായി പരാതി ലഭിക്കാത്ത പശ്ചാത്തലത്തിൽ, കുട്ടിയുടെ സുരക്ഷ മുൻനിർത്തി പോലീസ് വിഷയം ചൈൽഡ് ലൈൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഭയന്നുവിറച്ചിരിക്കുന്ന കുട്ടിക്ക് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ കൃത്യമായ കൗൺസിലിംഗ് നൽകും. അതിനുശേഷം കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെയും ചൈൽഡ് ലൈനിന്റെയും തീരുമാനം. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC) ഇടപെട്ടേക്കുമെന്നാണ് സൂചന.

Related Articles

Back to top button