വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്…ധന ബില്ലിൻ്റെ കരട് പുറത്ത്…

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്. ബജറ്റില്‍ അവതരിപ്പിക്കുകയും പിന്നീട് പലവിധ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചിട്ടില്ല. ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ഇത് അടുത്ത മാസം ഒന്നിന് സഭയില്‍ അവതരിപ്പിക്കും. ഈ ധനബില്‍ പാസായാലും വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയ്ക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിഷയത്തില്‍ യുഡിഎഫില്‍ പിന്നീട് ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. പാര്‍ട്ടി, മുന്നണി യോഗങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കി ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കാനാണ് വി ഡി സതീശന്റെ നീക്കമെന്നാണ് വിവരം.
പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സ്വന്തം മുന്നണിയില്‍ നിന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പോലും വി ഡി സതീശന് ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനിടയിലാണ് വി ഡി സതീശന്റെ ഈ ഉറച്ച നീക്കം.



