‘കുലസ്ത്രീ പരിവേഷമെല്ലാം പോയി, അൻസിബ മദ്യപിച്ചാൽ നിങ്ങൾക്കെന്ത് പ്രശ്നം ?’; ലക്ഷ്മി പ്രിയയോട് ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി

തുടർച്ചയായി നടി അൻസിബ ഹസനെതിരെ വിദ്വേഷപരവും വർഗീയപരവുമായ പരാമർശങ്ങൾ നടത്തുന്ന ലക്ഷ്മി പ്രിയയോട് ചോദ്യങ്ങളുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയ നിങ്ങളെ കടന്നാക്രമിക്കുന്നതിന് കാരണക്കാരി നിങ്ങൾ തന്നെയല്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കാണിക്കുന്നത് പോലെ നിങ്ങൾ അൻസിബയെ കുറിച്ച് പുതിയ കുറേ കഥകൾ ഇറക്കുകയാണെന്നും അവർ മദ്യപിച്ചാലും ഒരു പുരുഷനുമായി ബന്ധമുണ്ടെങ്കിലും ലക്ഷ്മി പ്രിയയ്ക്ക് എന്താണ് പ്രശ്നമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ
ലക്ഷ്മി പ്രിയ.. കുറച്ചു നാളുകളായിട്ട് സോഷ്യൽ മീഡിയ നിങ്ങളെ കടന്നാക്രമിക്കുന്നത് കണ്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. ഇങ്ങനെ കടന്നാക്രമിക്കാനുള്ള കാരണക്കാരി ആരാണ്? നിങ്ങള് തന്നെയല്ലേ? നിങ്ങള് തന്നെ ഒരു വടി കൊടുത്തിട്ട് എന്നെ അടിക്ക് എന്ന് പറയുന്നത് പോലെയല്ലേ? നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ യാതൊരു ബോധവും ഇല്ലാതെയാണ് സംസാരിക്കുന്നത്. നിങ്ങളുടെ സംഘടനയ്ക്കുള്ളിൽ, നിങ്ങളുടെ കമ്മിറ്റിയും അൻസിബയും തമ്മിൽ ഒരു വലിയ പ്രശ്നമുണ്ടായി. പലപലപല പ്രശ്നങ്ങളുണ്ടായി. അവർ നിങ്ങളോട് പറഞ്ഞു. നിങ്ങളാരും അത് ഗൗരവത്തിൽ എടുത്തില്ല. വളരെ നിസാരമായി അതിനെ തള്ളിക്കളഞ്ഞു. അവർ അവർക്ക് പറയാനുള്ളത് പുറം ലോകത്തോട് വന്ന് പറഞ്ഞു. ഈ പുറംലോകത്ത് വന്ന് പറയുമ്പോൾ, എവിടെയെങ്കിലും ഒരിടത്ത്, അവർ രാജിവച്ച് ഇറങ്ങിയപ്പോൾ, നിങ്ങൾ ആരെയെങ്കിലും കുറിച്ച് അവർ മോശമായൊരു പരാമർശം നടത്തിയോ? വ്യക്തിഹത്യ നടത്തിയോ?
ആ ‘പ്രാർഥന’യിലെ തീരുമാനമായി, ‘കയറിച്ചെല്ലുന്നിടമെല്ലാം ദുർഗന്ധം പരത്തുകയാണ്’; നടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശാരദക്കുട്ടി
ജനറൽ ബോഡിയിൽ വച്ച് അവർക്ക് പറയാനുള്ളത് അവർ തെളിവ് സഹിതം പറഞ്ഞു. നിങ്ങളെല്ലാവർക്കും ഉത്തരം മുട്ടി. രാജിവച്ച് പുറത്ത് പോയി. അതിന് ശേഷം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കാണിക്കുന്നത് പോലെ നിങ്ങൾ അൻസിബയെ കുറിച്ച് പുതിയ കുറേ കഥകൾ ഇറക്കുന്നു. അതും വളരെ മോശമായ കഥകൾ. ഒരു പെൺകുട്ടിയെ കുറിച്ച് പറയാൻ പാടില്ലാത്ത കഥകൾ. അവൾ മദ്യപിക്കും, ഞാൻ മദ്യം ഒഴിച്ച് കൊടുത്തിട്ടുണ്ട്, ഒരു പയ്യനുമായിട്ട് ബന്ധം… ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ എന്താ പ്രശ്നം. അൻസിബ മദ്യപിക്കുകയോ ഒരു പയ്യനുമായി അടുപ്പമുണ്ടെങ്കിയോ അതവരുടെ സ്വകാര്യ കാര്യം. അതും നിങ്ങളുടെ എഎംഎംഎ എന്ന സംഘടനയുമായിട്ട് എന്താണ് ബന്ധം? അതാണോ നിങ്ങളുടെ പ്രശ്നം? എന്തിനാണ് ഒരു പെണ്ണിനെ കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങൾ ഇങ്ങനെ ഇരുന്ന് പരദൂഷണം പറയുന്നത് ലക്ഷ്മി പ്രിയ ? അതുകൊണ്ടല്ലേ നിങ്ങൾ സമൂഹത്തിന് മുന്നിൽ ഒരു പരിഹാസ്യയാകുന്നത് ?
ദയവ് ചെയ്ത് ഇനിയെങ്കിലും ഇതൊന്ന് നിർത്തു. നിങ്ങൾക്ക് അൻസിബയുടെ അഭിപ്രായത്തോട് എതിരുണ്ടെങ്കിൽ അത് കോടതി മുഖാന്തിരം സംസാരിക്കൂ. തെളിവെല്ലാം കയ്യിലുണ്ടെങ്കിൽ കോടതി വഴി സംസാരിക്കൂ. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് ഒരു പെൺകുട്ടിയെ കുറിച്ച് ഓരോ കഥകൾ ഇറക്കി വിടരുത്. ഉള്ളതോ ഇല്ലാത്തതോ എന്തോ ആയിക്കോട്ടേ. ഒരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഇത്തരം പരാമർശം നടത്തുമ്പോൾ 2026ൽ ആരും ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്നു പോയി. അത്തരം കുലസ്ത്രീ പരിവേഷമൊക്കെ എന്നേ കടന്ന് സ്ത്രീകൾ ഒരുപാട് മുന്നോട്ട് വന്നു. ദയവ് ചെയ്ത് ലക്ഷ്മി പ്രിയ അത് മനസിലാക്കൂ.
അൻസിബയോട് സംസാരിക്കണം എന്നുണ്ടെങ്കിൽ, സംഘടനാപരമായ കാര്യങ്ങൾ അഭിമുഖത്തിലൂടെയോ സോഷ്യൽ മീഡിയയിലൂടേയോ സംസാരിക്കൂ. അല്ലാതെ അൻസിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിങ്ങൾ സംസാരിക്കരുത്. അതിനുള്ള അധികാരം നിങ്ങൾക്കില്ല. അത് സംസാരിക്കുന്തോറും സമൂഹത്തിന് മുന്നിൽ നിങ്ങൾ പരിഹാസ്യയാകും. സമൂഹം നിങ്ങളെ ആക്രമിച്ച് കൊണ്ടേയിരിക്കും.




