ലക്ഷ്മിപ്രിയക്കെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ. കാൻ ചാനൽ മീഡിയ’ ഇൻസ്റ്റഗ്രാം പേജിലൂടെ അൻസിബക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. കാൻ ചാനൽ ഉടമ സുകുമാർ ലക്ഷ്മിപ്രിയ , ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് പരാതി.
അതേസമയം അൻസിബയും ടിനി ടോമും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒത്തുതീർപ്പിനായി അമ്മ അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയാണ് ഇടപെട്ടത്.
അമ്മ അംഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റി ഇടപെട്ടത്. കൺവീനർ തന്നെയായ രമേഷ് പിഷാരടി ടിനി ടോമിനോടും അൻസിബ ഹസനോടും സംസാരിച്ചെങ്കിലും ഒത്തുതീർപ്പിൽ എത്താനായില്ല. ഇത്തരം പരാതികളുമായി വരില്ലെന്ന് അൻസിബ എഴുതി കൊടുക്കണമെന്ന് ടിനി ടോം ആവശ്യപ്പെട്ടു. പരാതിക്കാരി തന്നെ ഖേദം പ്രകടിപ്പിക്കണം എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അൻസിബ മറുപടി നൽകി. സുപ്രിംകോടതി വരെ കേസ് നടത്താൻ തയാറാണെന്നുമാണ് അൻസിബയുടെ നിലപാട്.



