ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് സൈന്യം; കേണലും മേജറുമടക്കം 40 സൈനികർക്കെതിരെ വധശ്രമത്തിന് കേസ്

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ഉദ്യോഗസ്ഥരെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. 17 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവരുൾപ്പെടെ നാൽപ്പതോളം സൈനികർക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിന് പിന്നിൽ വാഹനം പിടിച്ചെടുത്തതിലെ വൈരാഗ്യം
സൈന്യത്തിന്റെ ഒരു വാഹനം അസിസ്റ്റന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ARTO) പിടിച്ചെടുത്തതാണ് സൈനികരെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ കിഷ്ത്വാറിലെ അഥോലി പൊലീസ് സ്റ്റേഷനിലേക്ക് ആയുധങ്ങളുമായി സൈനികർ അതിക്രമിച്ചു കയറുകയായിരുന്നു. സ്റ്റേഷന്റെ പ്രധാന കവാടവും മതിലുകളും ചാടിക്കടന്ന് അകത്തെത്തിയ സൈനികരുടെ കൈകളിൽ ലാത്തികളും ഇരുമ്പ് വടികളും സർവീസ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ഡി.വൈ.എസ്.പിക്കും ഉദ്യോഗസ്ഥർക്കും ക്രൂരമർദനം
സ്റ്റേഷനിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെയടക്കം സൈനികർ ക്രൂരമായി മർദിച്ചു. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് (DySP) വിജയ് കുമാർ ഭഗത്, അഥോലി സ്റ്റേഷൻ ഹൗസ് ഓഫിസർ (SHO) അമൃത് കടോച്ച് എന്നിവർക്ക് മർദനമേറ്റിട്ടുണ്ട്. കൂടാതെ, സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന എ.ആർ.ടി.ഒയെയും അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫിസർമാരെയും സൈന്യം മർദിക്കുകയും അവിടുത്തെ വാഹനങ്ങൾ തകർക്കുകയും ചെയ്തു.
അന്വേഷണത്തോട് സഹകരിക്കുമെന്ന് സൈന്യം
സംഭവം വിവാദമായതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി.



