പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം

പരിസ്ഥിതി ലോല മേഖല (ഇഎസ്എ) പരിധിയിൽ നിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. വൈദ്യുതി-പരിസ്ഥിതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇഎസ്എയുമായി ബന്ധപ്പെട്ട ആശങ്കകളിൽ സംസ്ഥാന സർക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാട് കേന്ദ്രത്തെ അറിയിക്കും. പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ നിർദിഷ്ട ഇഎസ്എ വിജ്ഞാപന പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് സംസ്ഥാനത്തിന്റെ പുതിയ നീക്കം.
ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് പ്രാദേശിക തലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, കേരളം സമർപ്പിച്ച ശുപാർശകൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രം അടുത്തിടെ രൂപീകരിച്ച വിദഗ്ധ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും യോഗത്തിൽ തീരുമാനമായി. പരിസ്ഥിതി ലോല മേഖലകളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിർദേശങ്ങൾ പരിഗണിക്കുമ്പോൾ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും വിദഗ്ധ സമിതിയുമായുള്ള ചർച്ചകൾ നടക്കുക.



