‘ശവം പോലും വീട്ടുകാർക്ക് കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തി’….. വനിതാ പൊലീസുകാർക്ക് നേരെയും ബ്ലേഡ് ആക്രമണമെന്ന് എഫ്ഐആർ

തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത് മാറ്റിയെന്ന് പൊലീസിന്റെ എഫ്ഐആർ. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതലായ കയർ അറുത്തുമാറ്റിയതിലൂടെ സർക്കാർ ഖജനാവിന് 10,000 രൂപയുടെ നഷ്‌ടമുണ്ടായതായും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെതിരെ കടുത്ത അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാം” എന്ന് പറഞ്ഞ് പ്രവർത്തകർ ആക്ഷേപിച്ചതായാണ് എഫ്ഐആറിലെ പരാമർശം. ഇതിനുപുറമേ, സമരക്കാർ കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. എസ്എഫ്ഐ സമരത്തിനിടയിലേക്ക് ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് ആരും സമരസ്ഥലത്തേക്ക് ബ്ലേഡ് കൊണ്ടുവന്നിട്ടില്ല. ലാത്തിയും തോക്കുമുള്ള പൊലീസുകാർക്ക് എന്തിനാണ് ബ്ലേഡെന്നും അദ്ദേഹം ചോദിച്ചു. പുതിയ സമരരീതികൾ അംഗീകരിക്കാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



