‘ഓപ്പറേഷൻ തൂഫാൻ’ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നു… രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം…

തിരുവനന്തപുരം: ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കും. മയക്കുമരുന്നിനെതിരായ ഈ വലിയ പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാവരും പങ്കാളികളാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിലും ആഭ്യന്തരമന്ത്രി ശക്തമായി പ്രതികരിച്ചു. മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബ്ലേഡ് കൊണ്ട് ആക്രമിച്ചെന്ന ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ കൈവശം ലാത്തിയും തോക്കും ഉണ്ട്, അവർക്ക് ബ്ലേഡിന്റെ ആവശ്യമില്ല. ബ്ലേഡ് കൊണ്ട് സമരത്തിന് വരുന്നത് ഇതുവരെ കാണാത്ത രീതിയാണ്. ഇത് പുതിയ ഏതെങ്കിലും സമരമാർഗമാണോ? ബ്ലേഡ് കൊണ്ടുവന്നുള്ള ഇത്തരം സമരമാർഗങ്ങൾ അംഗീകരിക്കാൻ കഴിയില്ല. സമര സ്ഥലത്ത് ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്നും പൊലീസുകാർ ഇത് കൊണ്ടുവരില്ലെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫിന്റെ മദ്യനയം മുന്നണി കൃത്യമായി ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തെ ബാറുകൾ അടയ്ക്കുന്ന കാര്യം തത്ക്കാലം സർക്കാരിന്റെ ആലോചനയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകുന്നു എന്ന വാർത്തകളും മന്ത്രി പൂർണ്ണമായി തള്ളി. അങ്ങനെ ഒരു കാര്യം സർക്കാർ ആലോചിച്ചിട്ട് പോലുമില്ല. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകാൻ കഴിയില്ലെന്നും അതിന് കൃത്യമായ കേന്ദ്ര നിർദ്ദേശമുണ്ടെന്നും, പിന്നെ ആരാണ് അങ്ങനെയൊരു തീരുമാനം ഉണ്ടെന്ന് പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.



