‘ലക്ഷ്യം മദ്യമുതലാളിമാരെ സഹായിക്കൽ… വി.ഡി സതീശന്റെ വിശദീകരണം തൃപ്തികരമല്ല’… ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്. നികുതി കുറയ്ക്കുന്നതിലൂടെ വലിയ രീതിയിലുള്ള മദ്യവ്യാപനത്തിന് ഇത് കാരണമാകും. മദ്യ മുതലാളിമാര്‍ക്ക് വലിയ തോതില്‍ പണമുണ്ടാക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. നികുതി ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും, മുഖ്യമന്ത്രി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും ടി.പി രാമകൃഷ്ണന് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
വിവാദമായ സിഎംആര്‍എൽ-എക്സാലോജിക് കേസ് രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നായിരുന്നു എൽഡിഎഫ് കൺവീനറുടെ പ്രതികരണം. അത് അവർ തമ്മിൽത്തന്നെ പരിഹരിക്കട്ടെ. കേസ് അന്വേഷിക്കുന്നതിൽ എൽഡിഎഫിന് യാതൊരു എതിര്‍പ്പുമില്ല. എന്നാൽ ആ കേസ് സിപഐഎമ്മിനെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതിനെതിരെയാണ് തങ്ങളുടെ വിമർശനം. ഇതിനെതിരെ എങ്ങനെ പ്രതിഷേധിക്കുമെന്ന് മുൻപും കണ്ടതാണല്ലോ, എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റുന്നതിനെക്കുറിച്ചുള്ള വാർത്തകളോട് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ടി.പി രാമകൃഷ്ണന്റെ മറുപടി. താന്‍ ഇപ്പോഴും എൽഡിഎഫ് കണ്‍വീനറായി തുടരുകയാണ്. പാര്‍ട്ടി തീരുമാനത്തിന് അനുസരിച്ചാണ് മുന്നണിയിലെ ഓരോരുത്തരും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



