വസ്തു തർക്കം, മദ്യപിച്ചെത്തി കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടു… കോവളത്ത് അച്ഛന്റെ മരണത്തിൽ…

തിരുവനന്തപുരം: കോവളം വെള്ളാറിൽ വയോധികൻ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങി. വയോധികന്റെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകനെ കൊലപാതകക്കുറ്റത്തിന് കോവളം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാർ സ്വദേശി സുരേന്ദ്രൻ (64) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ ഇയാളുടെ മൂത്ത മകൻ രാജീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സുരേന്ദ്രനും മകൻ രാജീവും തമ്മിൽ വസ്തു പങ്കിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ രാജീവ് അച്ഛൻ സുരേന്ദ്രനുമായി വീണ്ടും വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടെ കടുത്ത പ്രകോപനത്തോടെ രാജീവ് സുരേന്ദ്രന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന സുരേന്ദ്രൻ ഈ വീഴ്ചയുടെ ആഘാതത്തിലാണ് മരണപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം.

സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന അമ്മ വിവരമറിയിച്ചതിനെ തുടർന്ന് മറ്റ് മക്കൾ ഓടിയെത്തുമ്പോൾ സുരേന്ദ്രൻ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിയതെങ്കിലും സുരേന്ദ്രന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കണ്ട നഖത്തിന്റെ പാടുകളാണ് പോലീസിൽ ശക്തമായ സംശയമുണർത്തിയത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൂത്ത മകൻ രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കോവളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Related Articles

Back to top button