‘സർക്കാരിനെ തിരുത്താൻ ശേഷിയുണ്ട്, ഇത് സൂചനാ സമരം മാത്രം’… യുഡിഎഫ് മദ്യനയത്തിനെതിരെ ഡിവൈഎഫ്ഐയുടെ പോർവിളി….

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐയുടെ കനത്ത പ്രതിഷേധം. മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങി വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ കളക്ടറേറ്റ് മാർച്ചുകളിൽ വ്യാപകമായ സംഘർഷമുണ്ടായി.

പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിലും കോഴിക്കോടും തൃശൂരും പ്രവർത്തകരും പൊലീസും തമ്മിൽ കടുത്ത തള്ളിക്കയറ്റവും സംഘർഷവുമുണ്ടായി. കൊച്ചിയിൽ നടന്ന പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച ഡിവൈഎഫ്ഐ നേതൃത്വം, ഇത് കേവലം ഒരു സൂചനാ സമരം മാത്രമാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. കോഴിക്കോട് നടന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. സച്ചിൻ ദേവ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. ഭരണത്തിൽ എത്തുന്നതിന് മുൻപ് തന്നെ അഴിമതി നടത്തിയ വ്യക്തിയാണ് വി.ഡി. സതീശനെന്ന് സച്ചിൻ ദേവ് കുറ്റപ്പെടുത്തി.

കർണാടകയിലെ മദ്യലോബിയുമായി വി.ഡി. സതീശൻ കരാറുണ്ടാക്കിയിട്ടുണ്ട്. പ്രമുഖ മദ്യക്കമ്പനിയായ ബക്കാർഡിക്ക് കേരളത്തിൽ എല്ലാ സഹായവും നൽകാമെന്നാണ് സതീശന്റെ വാഗ്ദാനം. ആ കരാറിലൂടെ ലഭിച്ച പണമാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. ഇതിനിടെ വി.ഡി. സതീശനെതിരെ രമേശ് ചെന്നിത്തല ഒളിയമ്പെയ്യുകയാണ്. സതീശൻ വീര്യം കുറഞ്ഞ മദ്യത്തിന് കരാറുണ്ടാക്കുമ്പോൾ ചെന്നിത്തല ‘തൂഫാനു’മായി വരുന്നു, എന്ന് സച്ചിൻ ദേവ് പരിഹസിച്ചു. ഇപ്പോഴത്തെ സമരം ഒരു തുടക്കം മാത്രമാണെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. “ഞങ്ങൾ ഇപ്പോൾ ബാരിക്കേഡ് ഒന്ന് ഇളക്കുക മാത്രമാണ് ചെയ്തത്. സർക്കാരിന്റെ തീരുമാനം വീര്യം കുറഞ്ഞ മദ്യത്തിനായതു കൊണ്ട് ഞങ്ങളുടെ സമരം വീര്യം കുറഞ്ഞതാണെന്ന് ആരും കരുതേണ്ട. നിലവിൽ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ച് നടത്തി സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്. എന്നാൽ മറ്റൊരു ഘട്ടത്തിൽ ഈ സർക്കാരിനെ തിരുത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചാൽ അതിനുള്ള എല്ലാ ശേഷിയും ഡിവൈഎഫ്ഐക്കുണ്ട്, എന്ന് സച്ചിൻ ദേവ് കൂട്ടിച്ചേർത്തു.

Back to top button