ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു… പായയിൽ പൊതിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു, വൻ ദുരൂഹത…

കണ്ണൂർ: ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ നിർണായക പരിശോധന തുടങ്ങി. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പള്ളിയിലെ കല്ലറ തുറന്ന് പരിശോധിച്ച പോലീസ്, പായയിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു. സെമിത്തേരി പരിസരം പോലീസ് ‘ക്രൈം സീൻ’ എന്ന് അടയാളപ്പെടുത്തി ടാഗ് കെട്ടി തിരിക്കുകയും കല്ലറ സ്ഥിതി ചെയ്യുന്ന ഭാഗം തുണി കെട്ടി മറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ, മൃതദേഹ സാദൃശ്യമുള്ള വസ്തു ആദ്യം കണ്ടത്. ഇതോടെ കല്ലറയ്ക്കുള്ളിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കപ്പെട്ടു. ആദ്യഘട്ടത്തിൽ തന്നെ ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും, ദുരൂഹതകൾ ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ, കോഴിക്കോട് വിലങ്ങാട് സ്വദേശിയായ സിജോ സ്കറിയ എന്ന യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ ഈ കല്ലറയിലെ വസ്തുവിൽ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.

കല്ലറയിൽ നിന്ന് പുറത്തെടുത്തത് സിജോ സ്കറിയയുടെ മൃതദേഹം തന്നെയാണോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനകൾ അനിവാര്യമാണ്. കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങളിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ പോലീസ് പൂർത്തീകരിക്കും. ഇതിന് ശേഷം നടത്തുന്ന ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ അന്തിമ വ്യക്തത വരൂ.

Related Articles

Back to top button