സ്കൂൾ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം വേണം… കാതോലിക്കാ ബാവ

കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്തിന് സമീപം മുക്കോണിമുക്കിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് അടിയന്തിരമായി റദ്ദാക്കി. അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നുവെന്നും, വാഹനത്തിലെ ജിപിഎസ് മനഃപൂർവ്വം ഓഫാക്കിയ നിലയിലായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. അപകടസമയത്ത് ടിപ്പർ ലോറി അമിത വേഗതയിലായിരുന്നെന്നാണ് പരിക്കേറ്റ് രക്ഷപ്പെട്ടവരും ദൃക്സാക്ഷികളും വ്യക്തമാക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടമുണ്ടായത്. സംഭവത്തിൽ ടിപ്പർ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ടെന്നാണ് ഔദ്യോഗിക വിവരം. മുൻപും പലതവണ വിവിധ തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് ഈ വാഹനം മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും പിടിയിലായിട്ടുള്ളതാണ്. ഇന്ന് രാവിലെ മണ്ണ് കയറ്റി അതിവേഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരാണ് മൺകൂനയ്ക്കടിയിലും ലോറിക്കടിയിലുമായി അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ ദാരുണമായി മരണപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, കൊട്ടാരക്കരയിലുണ്ടായ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭാരവാഹനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കുന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. രാവിലെ 7 മണി മുതൽ തന്നെ കുട്ടികൾ സ്കൂളുകളിലേക്ക് പോകുന്നതിനായുള്ള യാത്ര തുടങ്ങുകയാണെന്നും, അതിനാൽ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുമ്പോൾ സ്കൂൾ സമയം പ്രത്യേകം കണക്കിലെടുക്കണമെന്നും ബാവ വ്യക്തമാക്കി. ഇത്തരം വലിയ അപകടങ്ങളിൽ നിന്ന് അധികൃതരും സമൂഹവും പാഠം ഉൾക്കൊള്ളണമെന്നും സഭാധ്യക്ഷൻ ഓർമ്മിപ്പിച്ചു.

Related Articles

Back to top button