മെഡിക്കൽ കോളേജിൽ വയറുവേദനയ്ക്ക് നൽകിയത് ഗ്യാസിന്റെ ഗുളിക… ഒടുവിൽ അപ്പൻഡൈറ്റിസ് പൊട്ടി ഒമ്പതുവയസ്സുകാരൻ…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി ഒമ്പത് വയസ്സുകാരന്റെ കുടുംബം. കഠിനമായ വയറുവേദനയുമായി ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ പരാതി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ അപ്പൻഡൈറ്റിസ് പൊട്ടി ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.

കഠിനമായ വേദനയെ തുടർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ അവസ്ഥ കണ്ട് സിടി സ്കാൻ എടുക്കണമെന്ന് കുടുംബം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്നവർ അത് കണക്കിലെടുത്തില്ല. മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയെങ്കിലും കുട്ടിയുടെ വേദന മാറാത്തതിനെ തുടർന്ന് പിറ്റേദിവസം കുടുംബം മറ്റൊരു ഡോക്ടറെ സമീപിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ സ്കാനിങ്ങിലാണ് കുട്ടിയുടെ അപ്പൻഡൈറ്റിസ് പൊട്ടിയ നിലയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേ ദിവസം തന്നെ അടിയന്തര സർജറിക്ക് വിധേയനാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കുടുംബം രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇന്ന് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

Related Articles

Back to top button