അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം നടുത്തളത്തിൽ… ഒടുവിൽ സഭ ബഹിഷ്കരണം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ കടുത്ത ഭരണ-പ്രതിപക്ഷ ബഹളവും സഭ ബഹിഷ്കരണവും. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ബജറ്റ് ചർച്ച പുരോഗമിക്കുന്ന ഘട്ടത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കുകയായിരുന്നു.
ബജറ്റ് ചർച്ച ഇന്നും നാളെയും കൊണ്ട് മാത്രമേ പൂർത്തിയാകൂ എന്നും, അതിനുശേഷം മാത്രമേ മറ്റ് സഭാ നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്നും സ്പീക്കർ അറിയിച്ചു. ബജറ്റ് ചർച്ച നടക്കുമ്പോൾ മറ്റ് കാര്യങ്ങൾ അനുവദനീയമല്ലെന്ന മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണന്റെ റൂളിംഗ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി. ഇതേ വിഷയം പിന്നീട് സബ്മിഷനായി കൊണ്ടുവരാമെന്നും സ്പീക്കർ നിർദ്ദേശിച്ചു. കേരളത്തിൽ വൻതോതിൽ മദ്യം ഒഴുക്കുന്നതിനുള്ള നയപരിപാടികളുടെ ഭാഗമായാണ് ബജറ്റിൽ നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.എൻ. ബാലഗോപാൽ ആരോപിച്ചു. ഗൗരവമേറിയ ഈ വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്വകാര്യ മദ്യക്കമ്പനികൾക്ക് അമിതമായി ലാഭം കൊയ്യാനുള്ള അവസരമാണ് ബജറ്റിലൂടെ സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. മാധ്യമ റിപ്പോർട്ടുകൾ സഭയിൽ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. തുടർന്ന് വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ചേംബറിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. സഭയിൽ എത്ര വലിയ പ്രതിഷേധം ഉണ്ടായാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ, പ്രതിപക്ഷത്തോട് സഭയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം ഒടുവിൽ സഭ ബഹിഷ്കരിക്കുകയായിരുന്നു.



