കേരള വികസനത്തിന് പുതിയ മുഖച്ഛായ… ഉമ്മൻചാണ്ടി ഇൻഷുറൻസ് മുതൽ സമുദ്ര മിഷൻ വരെ…. ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവുണ്ടായതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ ബാധ്യത 87,012 കോടി രൂപയാണ്. ധവളപത്രത്തിലെ കണ്ടെത്തലുകളും പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ ആഘാതവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ജനപ്രിയ ബജറ്റ് സഭയിൽ സമർപ്പിച്ചത്.
സംസ്ഥാനത്തെ റബർ കർഷകർക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർദ്ധിപ്പിച്ചു. മുൻ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ ഇൻഷുറൻസ് പദ്ധതികളെ കോർത്തിണക്കി ഇന്ദിരാഗ്യാരണ്ടിയിൽ ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയർത്തി. വനിതാ കർഷകർക്കായി ‘കൃഷി സഖി’ പദ്ധതിയും കശുവണ്ടി, കയർ, കൈത്തറി മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി വേതന സഹായ പദ്ധതിയും (Income Support Scheme) നടപ്പിലാക്കും. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി പ്രത്യേക ‘വിലങ്ങാട് പാക്കേജ്’ പ്രഖ്യാപിച്ചു.
ക്യാമ്പസുകളിലെ റാഗിംഗും അതിക്രമങ്ങളും തടയാൻ ‘Sidharthan Anti Ragging & Student Welfare Act’, ‘Sidharthan Student Distress App’ എന്നിവ നടപ്പിലാക്കും. അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ പ്രത്യേക അക്കാദമിക് കൗൺസിൽ രൂപീകരിക്കും. വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ ‘സെമസ്റ്റർ ഇൻ കേരള’ പദ്ധതി പുനരാരംഭിക്കും. ശാസ്ത്രബോധം വളർത്താൻ ‘ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ’ പദ്ധതിയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകൾക്കായി ‘Future Readiness Think Tank’ രൂപീകരണവും ബജറ്റിലുണ്ട്. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിഡ്ജ് കോഴ്സുകൾ തുടങ്ങും.
കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. അപൂർവ്വ രോഗമായ എസ്എംഎ (SMA) ബാധിതർക്ക് മരുന്നുകൾ ലഭ്യമാക്കും. ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പുകളും ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളും നൽകും. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തെ ദക്ഷിണേന്ത്യയിലെ ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റും. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് മുൻഗണന നൽകും. പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഫർണിച്ചർ ഹബ്ബും മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയവും നിർമ്മിക്കും.
ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിച്ചു. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് തീർത്ഥാടന ടൂറിസം സർക്യൂട്ട് വരും. കൊച്ചിയിൽ ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റിയും, കോഴിക്കോട്ട് എം ടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്കും സ്ഥാപിക്കും. ജോൺസൺ മാസ്റ്റർ (തൃശൂർ), ഉമ്പായി (കോഴിക്കോട്) എന്നിവരുടെ പേരിൽ മ്യൂസിക് അക്കാദമികളും നടൻ സലിംകുമാറിന് എറണാകുളത്ത് സ്മാരകവും നിർമ്മിക്കും. ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കും. മുൻ മുഖ്യമന്ത്രി ആർ ശങ്കറിന് പട്ടത്തും, പനമ്പള്ളി ഗോവിന്ദ മേനോന് ചാലക്കുടിയിലും സ്മാരകങ്ങൾ വരും.
സർക്കാർ ജീവനക്കാരുടെ ഡിഎ (DA), പെൻഷൻകാരുടെ ഡിആർ (DR) എന്നിവ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കും. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തതകൾ പരിശോധിച്ച് എൻപിഎസ് (NPS) സംവിധാനം പരിഷ്കരിക്കും. ലഹരി മാഫിയകളെ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കും. ഗിഗ്-ഓൺലൈൻ പ്ലാറ്റ്ഫോം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ കൊണ്ടുവരും. മുൻ യുഡിഎഫ് സർക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, താലോലം, വയോമിത്രം തുടങ്ങിയ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി പുനരുജ്ജീവിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.



