ഗവി അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം…. പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.

കൊല്ലപ്പെട്ട യുവതിയെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് പ്രതി വിനോദ് കുമാർ പൊലീസിന് നൽകിയ മൊഴി. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയിൽ യുവതിയെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതിയെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെടുകയായിരുന്നു. ബലാത്സംഗം ചെയ്തിട്ടില്ലെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പ്രതികളിൽ ഒരാൾ പത്തനംതിട്ട-ഗവി റൂട്ടിൽ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി ഒരു ദൃക്‌സാക്ഷി പൊലീസിന് വിവരം നൽകിയിരുന്നു. വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ ബസ് തടഞ്ഞാൽ പ്രതിയെ കിട്ടുമെന്ന കൃത്യമായ വിവരമാണ് പ്രതിയെ വേഗത്തിൽ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. നാലു പേർ ചേർന്ന് യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടു പോയതായും ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

വിയിലെ മീനാർ മൂന്ന് ഷെഡ് വളവിലെ തോട്ടിൽ നിന്നാണ് ഇന്ന് രാവിലെ 32 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതി അവിടെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ മൊഴികളിലെ സത്യാവസ്ഥയും മറ്റ് പ്രതികളുടെ പങ്കും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button