‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസ്… ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യമില്ല

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമുണ്ടാക്കിയ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര സെഷൻസ് കോടതി തള്ളി. ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി.

അതേസമയം, കേസിലെ നിർണായകമായ പ്രധാന ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രതിയായ ജിതിൻ ഭാസ്‌കർ തന്റെ മൊബൈൽ ഫോൺ പൂർണ്ണമായും ‘ഫാക്ടറി റീസെറ്റ്’ ചെയ്താണ് തെളിവുകൾ നശിപ്പിച്ചത്. അതുകൊണ്ട് തന്നെ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഫോണിൽ നിന്നും യാതൊരു ഡേറ്റയും തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഫോണിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോൺ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഈ പ്രത്യേക മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയായ ജിതിൻ ഭാസ്‌കറോ അല്ലെങ്കിൽ ഇയാളുടെ സഹായിയോ ആകാം ഇത് നിർമ്മിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ഡിജിറ്റൽ തെളിവുകളുടെയും സൈബർ സെല്ലിന്റെയും കൃത്യമായ പരിശോധനകൾക്ക് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം ജിതിൻ ഭാസ്‌കരിലേക്ക് എത്തിയത്. വ്യക്തികൾക്കും വിവിധ ഗ്രൂപ്പുകളിലേക്കും ജിതിൻ നേരിട്ട് ഈ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എസ്ഐടിയുടെ കണ്ടെത്തൽ പ്രകാരം ജിതിൻ ഭാസ്‌കർ ഈ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ്. തുടർന്ന് മറ്റൊരു ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ ഇത് ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചു. അവിടെ നിന്ന് ഏകദേശം 200 ഓളം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കാണ് ഈ സന്ദേശം ഷെയർ ചെയ്യപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന് പിന്നിലെ കൂടുതൽ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Related Articles

Back to top button