വിവാഹത്തിന് തടസ്സമാകുമെന്ന് ഭയം; ആറുവയസ്സുകാരനെ കനാലിലെറിഞ്ഞു കൊന്നു; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

ഉത്തർപ്രദേശിലെ മീററ്റിൽ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. മീററ്റ് സ്വദേശിയായ അർപ്പിത് പരാഷർ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ അമ്മയുമായി ആറുവർഷമായി പ്രണയത്തിലായിരുന്ന പ്രതി, ഇവരെ വിവാഹം കഴിക്കുന്നതിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് അതിക്രൂരമായ കൊലപാതകം നടത്തിയത്.

മീററ്റിലെ ബാസുമയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പട്യാലയിൽ ബന്ധുവിന്റെ വീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി, അവധിക്കാലം ആഘോഷിക്കാനാണ് ബാസുമയിലുള്ള അമ്മയുടെ അടുത്തെത്തിയത്. കുട്ടിയുടെ പിതാവ് ഗുർസേവക് സിങ് സൗദി അറേബ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

കളിക്കാൻ പോയ കുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗ്രാമത്തിൽ സൈക്കിൾ ചവിട്ടിയ ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് സൈക്കിൾ വീട്ടിൽ വെച്ച ശേഷം വീണ്ടും കളിക്കാനായി പുറത്തേക്ക് പോയ കുട്ടിയെ, കാറിലെത്തിയ പ്രതി അർപ്പിത് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മുത്തശ്ശി ബൽജീന്ദർ സിങ് പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വൈകിട്ട് ആറുമണിയോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ദൃശ്യങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരു വെള്ള കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണം പ്രതിയായ അർപ്പിതിലേക്ക് എത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കനാലിൽ എറിയുകയായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത പ്രതികരണ സേന (NDRF) നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടോടെ കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Back to top button