പാഠപുസ്തക വിതരണം വൈകി…. ഒറ്റപ്പാലത്ത് അധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നടപടി

പാലക്കാട്: ജില്ലയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയിൽ അധ്യാപികയ്‌ക്കെതിരെ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക പി. ബിന്ദുമോൾക്കെതിരെയാണ് വകുപ്പ് തലത്തിൽ അടിയന്തര സ്ഥലംമാറ്റ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ഇവരെ ജി.എച്ച്.എസ്. ആനക്കരയിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്.
ജി.എച്ച്.എസ്. ഒറ്റപ്പാലം സ്‌കൂളിലെ യു.പി. വിഭാഗത്തിലെ 5, 6, 7 ക്ലാസുകളിലെ ലാംഗ്വേജ് (ഭാഷാ) പാഠപുസ്തകങ്ങളുടെ വിതരണ ചുമതലയിലുണ്ടായ വീഴ്ചയാണ് നടപടിക്ക് കാരണമായത്. അധ്യയന വർഷം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾക്ക് കൃത്യസമയത്ത് പുസ്തകങ്ങൾ വിതരണം ചെയ്യാൻ അധ്യാപിക തയ്യാറായില്ലെന്ന് പരാതി ഉയർന്നിരുന്നു. പുസ്തകം വൈകിയതിനെ തുടർന്ന് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും പരാതിയും ഉയരുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ബോധ്യപ്പെട്ടതും തുടർന്ന് അടിയന്തര സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതും. പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിൽ പുസ്തക വിതരണത്തിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് അധ്യാപികയ്‌ക്കെതിരെ മാതൃകാപരമായ ഈ നടപടി ഉണ്ടായിരിക്കുന്നത്.



