പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: ‘സർക്കാർ നിഷ്പക്ഷമായി ഇടപെടും, മുൻ സർക്കാർ പരാജയപ്പെട്ടു’ …. മന്ത്രി റോജി എം ജോൺ

കൊച്ചി: ഏറെ നാളായി പുകയുന്ന പാരിയത്തുകാവ് ഭൂപ്രശ്നത്തിൽ സ്ഥലമുടമയെന്ന് കോടതി വിധിച്ച ശങ്കരൻ നായരുടെ കുടുംബത്തിനും സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സമരസമിതി രംഗത്ത്. മന്ത്രി ഉൾപ്പെടെയുള്ള അധികാരികൾ ശങ്കരൻ നായരുടെ കുടുംബത്തിന് അനുകൂലമായാണ് നിലപാട് സ്വീകരിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. കോടതി നൽകിയ സാവകാശം ഈ മാസം 16-ന് അവസാനിക്കാനിരിക്കെ, ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിച്ച് പൊലീസിനെ ഉപയോഗിച്ച് തങ്ങളെ ഇറക്കിവിടാനാണ് നീക്കം നടക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഇന്നലെ രാത്രി കളക്ടറേറ്റിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നിശ്ചയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ശങ്കരൻ നായരുടെ കുടുംബം ചർച്ചയിൽ നിന്നും പിന്മാറുകയും ഇനി ചർച്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സമരസമിതി വ്യക്തമാക്കുന്നു.

മെയ് 20-ന് സുപ്രീംകോടതി നിർദ്ദേശപ്രകാരം അഡ്വക്കേറ്റ് കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിൽ എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസും അധികൃതരുമെത്തിയതോടെയാണ് പ്രശ്നങ്ങൾ വഷളായത്. അന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും തുടർന്നുണ്ടായ പോലീസ് ലാത്തിച്ചാർജിൽ നിരവധിപ്പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുൻപും പലതവണ ഇവിടെ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. അതേസമയം, പാരിയത്തുകാവിലെ പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പ്രതികരിച്ചു.

പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ലെന്ന് മെയ് 25-ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. കോടതി വിധിയിൽ സാങ്കേതികത പറയാതെ അത് അനുസരിക്കുകയാണ് വേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. തുടർന്ന് ബുദ്ധിമുട്ടുകൾ ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ സർക്കാർ ആവശ്യപ്പെട്ട രണ്ടാഴ്ചത്തെ സാവകാശമാണ് ഈ മാസം 16-ന് അവസാനിക്കുന്നത്. വരും ദിവസങ്ങളിൽ പാരിയത്തുകാവിൽ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ വലിയ പ്രതിസന്ധികൾക്ക് ഈ വിഷയം കാരണമായേക്കും.

Related Articles

Back to top button