ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കണം… ഈ മാസം 16 മുതൽ സമരവുമായി ഓട്ടോ തൊഴിലാളികൾ

സംസ്ഥാനത്ത് ഓട്ടോറിക്ഷാ മിനിമം ചാർജ് 50 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ ശക്തമായ സമരത്തിലേക്ക് കടക്കുന്നു. മിനിമം ചാർജ് നിലവിലുള്ളതിൽ നിന്നും 50 രൂപയായും, അത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും നിരക്ക് 25 രൂപയായും പുതുക്കി നിശ്ചയിക്കണമെന്നാണ് ഒട്ടോ തൊഴിലാളി യൂണിയനുകളുടെ ആവശ്യം. ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിലെ ചാർജ് വെച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ജീവിതച്ചെലവുകൾ വർദ്ധിച്ചതും സ്പെയർ പാർട്സുകളുടെ വിലക്കയറ്റവും തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ചാർജ് വർദ്ധനവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുകൾ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. പ്രമുഖ ട്രേഡ് യൂണിയനായ സിഐടിയു, ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 16-ാം തീയതി സിഐടിയുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് വൻ മാർച്ച് സംഘടിപ്പിക്കും. ഇതിന് പുറമെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും അതത് കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്താൻ സംയുക്ത യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം.



