രാജ്യസഭാ തിരഞ്ഞെടുപ്പിൽ മീനാക്ഷി നടരാജന്റെ പത്രിക തള്ളി…. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് കെ.സി വേണുഗോപാലും സിംഗ്വിയും

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെച്ചൊല്ലി രാഷ്ട്രീയ പോര് ശക്തമാകുന്നു. പത്രിക തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടുവെന്നും കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. എന്നാൽ, പത്രിക തള്ളിയ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് കമ്മീഷൻ നൽകുന്നത്.
മീനാക്ഷി നടരാജന് എതിരെ ക്രിമിനൽ കേസുകളൊന്നുമില്ലെന്നും ഒരു നോട്ടീസ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി പ്രതികരിച്ചു. കമ്മീഷന്റേത് തെറ്റായ തീരുമാനമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കേസുകൾ മാത്രമാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമത്തിൽ പോലുമില്ലാത്ത വ്യവസ്ഥയുടെ പേരിലാണ് ഇപ്പോൾ പത്രിക തള്ളിയിരിക്കുന്നത്. കുറ്റപത്രമോ കുറ്റം ചുമത്തലോ പോലും നടക്കാത്ത കേസിന്റെ പേരിലുള്ള ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് സിംഗ്വി വ്യക്തമാക്കി.
ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് മീനാക്ഷി നടരാജന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെയാണ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. എന്നാൽ, പ്രതിഷേധം ശക്തമാകുമ്പോഴും പത്രിക തള്ളിയ മുൻ നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കമ്മീഷന്റെ തീരുമാനം. ഇതോടെ, കമ്മീഷൻ നടപടിക്കെതിരെ ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതിനിടെ, വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തി. തെറ്റായ വിവരങ്ങൾ നൽകി കോൺഗ്രസ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മോഹൻ യാദവ് ആരോപിച്ചു.



