‘ഞാൻ തന്നെ അവരോട് വളരെ ദേഷ്യപ്പെട്ടു’…. സലീംകുമാറിനോട് കാട്ടിയത് ക്രൂരതയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രിയ നടൻ സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ കടുത്ത അമർഷവും വേദനയും രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്കാര ചടങ്ങുകൾക്കിടയിൽ സലീംകുമാറിന്റെ കുടുംബത്തിന് കൽപ്പിതമായ കർമ്മങ്ങൾ പോലും ചെയ്യാൻ പറ്റാത്ത തരത്തിലുള്ള വല്ലാത്തൊരു സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ താനാണ് ആദ്യം പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇതൊക്കെ നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യങ്ങളല്ല. ഔദ്യോഗിക ബഹുമതി നൽകാൻ പൊലീസിന് കഴിയുന്നില്ല, കുടുംബാംഗങ്ങളെ കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കുന്നില്ല; വല്ലാത്തൊരു സ്ഥിതിയായിരുന്നു അവിടെ. ഞാൻ തന്നെ വളരെ ദേഷ്യപ്പെട്ടാണ് അവരോട് സംസാരിച്ചത്,” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സലീംകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെയും മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. സലീംകുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ കിടക്കുമ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയൊരു വിഭാഗം ആളുകൾ ക്രൂരമായ ആക്രമണമാണ് നടത്തിയത്. ‘ചത്തുകൂടേ’ എന്ന് വരെ ആ മനുഷ്യനോട് ചോദിച്ചു. എന്താണ് അദ്ദേഹം ചെയ്ത തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്. നമ്മുടെ കേരളത്തിലാണോ ഇതൊക്കെ സംഭവിക്കുന്നത്?.. ദേശീയ അവാർഡ് നേടിയ, മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു മഹാനായ നടനാണ് അദ്ദേഹം. രാഷ്ട്രീയത്തിന്റെ പേരിൽ ഒരാൾ മരണത്തോട് മല്ലടിച്ച് കിടക്കുമ്പോൾ ഇത്തരമൊരു ക്യാമ്പെയ്ൻ നടത്തിയത് നമ്മുടെ കേരളത്തിന് ഒട്ടും യോജിച്ചതല്ല. ആരാണ് ഇതിന് പിന്നിലെന്ന് ചിന്തിക്കണം. എല്ലാവർക്കും ഇവിടെ രാഷ്ട്രീയമുണ്ട്, എന്നാൽ മനുഷ്യത്വം മറന്നുള്ള ഈ സൈബർ ഗുണ്ടായിസം കേരളം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.



