കൂട്ടാളി ആത്മഹത്യ ചെയ്തു, ഉത്തരവാദി നീയാണ്… വ്യാജക്കത്ത് കാട്ടി വ്യവസായിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റിൽ

പ്രമുഖ വ്യവസായിയെ വിവിധ കാരണങ്ങൾ പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ട് വർഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നിസാം ഇബ്രാഹിം, ഇയാളുടെ കൂട്ടാളി ജിതേഷ് എന്നിവരെയാണ് മംഗളൂരു ഉർവ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വ്യവസായിയുടെ പരാതിയിലാണ് നടപടി. കേസിൽ പ്രതിയായതോടെ നിസാം ഇബ്രാഹിമിനെ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനത്ത് നിന്ന് പുറത്താക്കി.

വ്യവസായിക്ക് ഒരു സ്ത്രീയുമായുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രതികളിലൊരാളായ ജിതേഷ് കൈക്കലാക്കിയിരുന്നു. ഇത് കാണിച്ച് ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജിതേഷ് ആദ്യഘട്ടത്തിൽ പണം തട്ടിയത്. കുടുംബത്തിനും സമൂഹത്തിനും മുന്നിൽ അപമാനിതനാകുമോ എന്ന ഭയത്താൽ വ്യവസായി ആവശ്യപ്പെട്ട തുക നൽകി.

പിന്നീട് ഈ തട്ടിപ്പ് വിവരം ജിതേഷ് യൂത്ത് കോൺഗ്രസ് നേതാവായ നിസാമിനോട് പങ്കുവെച്ചു. ഇതോടെ ഇരുവരും ചേർന്ന് വ്യവസായിയെ പറ്റിക്കാൻ പുതിയ തന്ത്രം മെനഞ്ഞു. ബ്ലാക്ക്‌മെയിൽ സഹിക്കാനാവാതെ ജിതേഷ് ജീവനൊടുക്കിയെന്നും, ആത്മഹത്യയ്ക്ക് ഉത്തരവാദി വ്യവസായി ആണെന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും നിസാം വ്യവസായിയെ വിശ്വസിപ്പിച്ചു. ഒരു വ്യാജ ആത്മഹത്യാ കുറിപ്പും ഇയാൾ വ്യവസായിയെ കാണിച്ചു. കേസിൽ നിന്ന് ഒഴിവാക്കാനും അറസ്റ്റ് തടയാനുമെന്ന പേരിൽ നിസാം വീണ്ടും വ്യവസായിയിൽ നിന്ന് പണം തട്ടാൻ തുടങ്ങി. നിയമനടപടികളും ജയിൽവാസവും ഭയന്ന വ്യവസായി 2024 മുതൽ പലതവണയായി 2.77 കോടി രൂപ ഇവർക്ക് കൈമാറി.

താൻ കാരണം ജിതേഷ് ആത്മഹത്യ ചെയ്തുവെന്ന ഗിൽറ്റിൽ കഴിഞ്ഞിരുന്ന വ്യവസായി, കഴിഞ്ഞ ദിവസം മംഗളൂരു നഗരത്തിൽ വെച്ച് ജിതേഷിനെ യാദൃശ്ചികമായി ജീവനോടെ നേരിൽ കണ്ടുമുട്ടുകയായിരുന്നു. ഇതോടെ താൻ അതിവിദഗ്ധമായി പറ്റിക്കപ്പെടുകയായിരുന്നുവെന്ന് വ്യവസായിക്ക് ബോധ്യപ്പെട്ടു. അദ്ദേഹം ഉടനടി ഉർവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ പ്രതികളായ നിസാമിനെയും ജിതേഷിനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. രണ്ട് വർഷം നീണ്ട ഈ വൻ ബ്ലാക്ക്‌മെയിലിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും, സമാനമായ രീതിയിൽ പ്രതികൾ മറ്റ് ആളുകളെയും കെണിയിൽ വീഴ്ത്തിയിട്ടുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button