ഇൻസ്റ്റാഗ്രാമിൽ ആത്മഹത്യാ മുന്നറിയിപ്പ്; മെറ്റയും യുപി പൊലീസും ഉണർന്നു; എട്ടാം മിനിറ്റിൽ പാഞ്ഞെത്തി 25-കാരന് രക്ഷകരായി!

സോഷ്യൽ മീഡിയയിലെ ആത്മഹത്യാ മുന്നറിയിപ്പ് സന്ദേശം കണ്ട് നിമിഷങ്ങൾക്കകം ഇടപെട്ട് ഉത്തർപ്രദേശ് പൊലീസും മെറ്റാ അധികൃതരും. ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 25-കാരനെ തലനാരിഴയ്ക്കാണ് മീററ്റ് പൊലീസ് രക്ഷപെടുത്തിയത്. യുവാവ് വിഡിയോ പോസ്റ്റ് ചെയ്ത് വെറും എട്ട് മിനിറ്റിനുള്ളിൽ തന്നെ പൊലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.

യുപി പൊലീസും സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയും (Meta) തമ്മിലുള്ള ആധുനിക ഏകോപന സംവിധാനമാണ് ഇവിടെ വലിയൊരു ദുരന്തം ഒഴിവാക്കിയത്.

മീററ്റിലെ സർധന സ്വദേശിയായ യുവാവാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഒരു വെള്ള ദ്രാവകം കുടിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം “ഇനി നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷമായിരിക്കുക” എന്ന അടിക്കുറിപ്പും വിഡിയോയിലുണ്ടായിരുന്നു.

മെറ്റയുടെ അലർട്ട്: വിഡിയോ ലൈവായി വന്നതിന് പിന്നാലെ മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഇത് തിരിച്ചറിയുകയും, ആത്മഹത്യാ മുന്നറിയിപ്പ് (Suicide Alert) ഉടൻ തന്നെ യുപി പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്ററിലേക്ക് കൈമാറുകയും ചെയ്തു.

പൊലീസിന്റെ മിന്നൽ നീക്കം: സന്ദേശം ലഭിച്ച ഉടൻ തന്നെ സൈബർ സെൽ യുവാവിന്റെ മൊബൈൽ നമ്പറും കൃത്യമായ ലൊക്കേഷനും കണ്ടെത്തി മീററ്റ് പൊലീസിന് കൈമാറി. തുടർന്ന് മിനിറ്റുകൾക്കകം പ്രാദേശിക പൊലീസ് യുവാവിന്റെ വീട്ടിലെത്തി ഇയാളെ രക്ഷപെടുത്തുകയായിരുന്നു.

സാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗവും പൊലീസിന്റെ അതിവേഗത്തിലുള്ള ഇടപെടലുമാണ് ഒരു ജീവൻ കാക്കാൻ തുണയായതെന്ന് മീററ്റ് പൊലീസ് അറിയിച്ചു.

Related Articles

Back to top button