മാസപ്പടി കേസിൽ വീണയെ പൂട്ടാൻ ഇഡി, നിർണായകമായ 134 രേഖകൾ തേടി കോടതിയിൽ;

കൊച്ചി: സി എം ആര്‍ എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു. എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണൽ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.



