കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചു, ഡാൻസ് പരിപാടിക്കായി തമിഴ്നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങൾക്കൊടുവിലാണ് പനവൂരിൽ ഒന്നരവയസ്സുകാരൻ അർഷിതിന് ജീവൻ നഷ്ടമായതെന്ന് പൊലീസ് റിപ്പോർട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാൽപ്പതിലധികം തവണയാണ് അഷ്കറും അഖിലയും ചേർന്ന് മർദിച്ചത്. പലപ്പോഴും ആഹാരവും നൽകിയിരുന്നില്ല. മർദനത്തിനിടെയുണ്ടായ മുറിവുകൾക്ക് കൃത്യമായ ചികിത്സയും നൽകിയില്ല. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏഴു വാരിയെല്ലുകൾക്ക് പൊട്ടലുമുണ്ട്.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ അഖില പലതവണ പൊലീസിനെ കബളിപ്പിക്കുന്ന തരത്തിലുള്ള മൊഴികളാണ് നൽകിയത്. ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളും നടത്തി. ഒന്നുമറിയില്ലെന്നും നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്നുവെന്നും പറഞ്ഞു. പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലെ പങ്ക് അഖില സമ്മതിച്ചത്. അഖിലയുടെ ആദ്യ ഭർത്താവ് അഖിലിന്റെ കുടുംബത്തിന് കുഞ്ഞിനെ കൈമാറാമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവൂർ കരിക്കുഴി നെല്ലിക്കുന്ന് അർച്ചിതം വീട്ടിൽ ഒന്നര വയസ്സുകാരൻ അർഷിത് മരിച്ചത്.അഖിലയുടെ കുഞ്ഞ് തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്ന് രണ്ടാനച്ഛൻ അഷ്കർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. രണ്ടാഴ്ച മുമ്പ് അർഷിതിന്റെ രണ്ടു കൈകളും അഷ്കർ അടിച്ചൊടിച്ചു. കുഞ്ഞ് നിർത്താതെ കരഞ്ഞു. എട്ടുദിവസത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റർ ഇട്ടു. അപ്പോഴും അർഷിതിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ, ഡോക്ടർമാർ ഈ അസ്വാഭാവികത പോലീസിനെ അറിയിച്ചില്ല. വാടകവീട്ടിൽ ഇവരോടൊപ്പം അഷ്കറിന്റെ അമ്മയും സഹോദരിയും താമസിച്ചിരുന്നു. അതുകൊണ്ടുതന്നെ അഷ്കറിന്റെ ബന്ധുക്കൾക്കുള്ള പങ്കും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിനാണ് അന്വേഷണച്ചുമതല.



