സഹകരണ സംഘം വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് സർക്കാർ

സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസ പദ്ധതിതിയുമായി സർക്കാർ. ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഒറ്റത്തവണയായി വായ്പകൾ തീർപ്പാക്കാം. വായ്പാ കുടിശ്ശിക ഒഴിവാക്കുക, കൂടുതൽ തിരിച്ചടവ് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രസ്താവനയിൽ അറിയിച്ചു.

ജൂൺ 1 മുതൽ നൂറുദിന പരിപാടിയായാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റ് 31 വരെ വായ്പകൾ തിരിച്ചടയ്ക്കാം. കാർഷിക സഹകരണ സംഘങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാണ് പ്രഥമ പരിഗണന. പദ്ധതി കാലയളവിൽ ജപ്തി ഉൾപ്പെടെ എല്ലാ തുടർ നടപടികളും നിർത്തിവെക്കും. അർഹരായവർക്ക് പിഴപ്പലിശയും ഒഴിവാക്കി നൽകും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന കുടുംബങ്ങൾക്കും പലിശയിളവുണ്ട്.

സ്വർണ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെയുള്ള എല്ലാ വായ്പകളും പദ്ധതിയിൽ പരിഗണിക്കും. അഞ്ചുവർഷത്തിലേറെ കുടിശ്ശികയുള്ള, 50,000 രൂപ വരെയുള്ള ചെറുവായ്പകൾക്ക് 50 ശതമാനം പലിശയിളവ് നൽകും. തിരിച്ചടവ് മുടങ്ങിയവർക്കു നേരെയുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകി. നിഷ്‌ക്രിയ ആസ്തികൾ കുറച്ച്, സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Related Articles

Back to top button