വഴിയോര കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ച് കടന്നു, പാരലൽ കോളേജ് അധ്യാപകൻ പിടിയിൽ

വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. അഞ്ചൽ പനയഞ്ചേരി പ്ലാവിള വീട്ടിൽ ഹരിഷ് കുമാറി (31) നെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27 ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അഞ്ചൽ ചന്തമുക്കിൽ വഴിയോരത്ത് തുണി കച്ചവടം ചെയ്യുന്ന വയലാ സ്വദേശിനി ഓമനയുടെ മാലയാണ് പ്രതി മോഷ്ടിച്ചെടുത്തത്.
കനത്ത മഴയിൽ നനയാതിരിക്കാൻ എന്ന മട്ടിലാണ് ഇയാൾ വയോധികയുടെ അടുത്ത് എത്തിയത്. തുടർന്ന് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഓമനയുടെ പരാതിയിൽ അഞ്ചൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സ്വർണ്ണം പണയപ്പെടുത്തിയ ശേഷം പണവുമായി ഇയാൾ കാസർകോട്ടേക്ക് മുങ്ങി. ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെത്തിയ പ്രതിയെ കൊല്ലത്തു നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മാലയുടെ ഒരു ഭാഗം മാത്രമാണ് ആയുരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതെന്നും ബാക്കി കാസർകോട്ട് എത്തിച്ച് വിറ്റു എന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.



