“പിണറായിയോ വീണയോ പ്രതിയായ കേസ് ഇഡിക്ക് മുന്നിലുണ്ടോ?”…. മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് എ.കെ ബാലൻ. മാസപ്പടി കേസ് യഥാർത്ഥത്തിൽ വന്നത് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ചാണെന്ന് അദ്ദേഹം പറഞ്ഞു. വീണ വിജയനെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ലെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിയുടെ മുന്നിലുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി.
മാസപ്പടി കേസിൽ തുടക്കക്കാരൻ മാത്യു കുഴൽനാടനായിരുന്നു. എന്നാൽ ഈ വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജി ഹൈക്കോടതി തള്ളി, ഒടുവിൽ അപ്പീൽ സുപ്രീം കോടതിയും തള്ളിയതാണ്. ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ കണ്ടെത്തിയതാണെന്നും എ.കെ ബാലൻ ഓർമ്മിപ്പിച്ചു. മാത്യു കുഴൽനാടന് ശേഷമാണ് ഈ വിഷയവുമായി ഷോൺ ജോർജ് രംഗത്ത് വരുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിന് ശേഷം ഇപ്പോൾ ഇഡി വന്നിരിക്കുന്നു. ഇത് എവിടേക്കാണ് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിൽ സിപിഐഎമ്മിന് യാതൊരു എതിർപ്പുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെ എന്ന നിലപാടാണ് പാർട്ടിക്കുള്ളത്. 2002, 2013 വർഷങ്ങളിൽ കരിമണൽ ഖനനം ചെയ്യാൻ ഉമ്മൻ ചാണ്ടി സർക്കാർ സിഎംആർഎല്ലിന് അനുമതി നൽകിയിരുന്നു. എന്നാൽ വി.എസ് അച്യുതാനന്ദൻ സർക്കാരാണ് അത് റദ്ദ് ചെയ്തതെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.



