നവകേരള മർദ്ദനക്കേസ്: ‘റിപ്പോർട്ട് തിരുത്താൻ സമ്മർദ്ദം ചെലുത്തി’….. എഡിജിപി എം.ആർ അജിത് കുമാറിനെ കുരുക്കി എസ്.ഐമാരുടെ മൊഴി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് വൻ തിരിച്ചടി. കേസിന്റെ അന്വേഷണ റിപ്പോർട്ട് തിരുത്താൻ അജിത് കുമാർ സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹത്തിന്റെ മുൻ ഓഫീസിലെ ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഗ്രേഡ് എസ്.ഐമാരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും തങ്ങൾക്ക് ഈ കേസിൽ നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും എസ്.ഐമാർ വ്യക്തമാക്കിയതോടെ എഡിജിപിക്കെതിരെയുള്ള കുരുക്ക് മുറുകുകയാണ്.
പെൻഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി എഡിജിപിയുടെ നിർദ്ദേശപ്രകാരം മൂന്ന് ദിവസം കൊണ്ടാണ് തിരുത്തിയത്. കേസ് അവസാനിപ്പിക്കാനായി ‘റഫർ റിപ്പോർട്ടിൽ’ തെളിവില്ല എന്ന് എഴുതിച്ചേർക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഏറ്റവും പിന്നിലായാണ് പൊലീസ് ഫോട്ടോഗ്രാഫർ സഞ്ചരിച്ചിരുന്നത്. അതിനാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ഫോട്ടോഗ്രാഫർക്ക് ലഭിച്ചില്ല. ഈ സാഹചര്യം മുതലെടുത്താണ് തെളിവില്ല എന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകിയത്. എഡിജിപി അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരാണ് കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും നേരിട്ട് തിരുത്തിയത്.
എസ്.ഐമാരുടെ ഈ മൊഴി കേസിൽ തികച്ചും നിർണായകമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ മൊഴികൾ വിശദമായി പരിശോധിക്കാനും, ആവശ്യമെങ്കിൽ ഈ രണ്ട് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. ഇവരെ കേസിലെ സാക്ഷികളാക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എഡിജിപി എം.ആർ അജിത് കുമാർ നിഷേധിച്ചു. കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാർ കേസ് ഡയറിയിൽ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ പ്രതികരണം.



