ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്, വ്യാപക പരിശോധനയ്ക്ക് തുടക്കം

മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് (MVD). മഴയത്ത് ബസിനുള്ളിലും കുടപിടിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന യാത്രക്കാരുടെ വ്യാപക പരാതിയെത്തുടർന്നാണ് അധികൃതർ പ്രത്യേക മഴക്കാല പരിശോധനയ്ക്ക് തുടക്കമിടുന്നത്.
ബസുകളുടെ മേൽക്കൂരയിലെ ചോർച്ച കാരണം യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം ഇറ്റുവീഴുന്നതും, കീറിപ്പറിഞ്ഞ കർട്ടനുകൾ കാരണം വശങ്ങളിൽ നിന്ന് മഴവെള്ളം അകത്തേക്ക് അടിച്ചു കയറുന്നതും പതിവായ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
പരിശോധന പരിധിയിൽ വരുന്ന പ്രധാന കാര്യങ്ങൾ:
ഫിറ്റ്‌നസ് ലംഘനങ്ങൾ: ദ്രവിച്ചു ദ്വാരം വീണ ചവിട്ടുപടികൾ, കീറിപ്പറിഞ്ഞ ഇരിപ്പിടങ്ങൾ, ബോഡിയിൽ ഇളകിനിൽക്കുന്ന തകരങ്ങൾ, തുരുമ്പെടുത്ത കമ്പികൾ.
യാത്രാ മാനദണ്ഡങ്ങൾ: സമയവിവരപ്പട്ടിക പ്രദർശിപ്പിക്കൽ, സ്ത്രീ–ഭിന്നശേഷി–മുതിർന്ന പൗരന്മാർക്കുള്ള ഇരിപ്പിട സംവരണം.
ജീവനക്കാരുടെ പെരുമാറ്റം: യൂണിഫോം ധരിക്കൽ, സ്റ്റോപ്പുകളിൽ നിർത്താതിരിക്കൽ, വിദ്യാർഥികളെ കയറ്റാതിരിക്കൽ, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് തടയൽ.
സുരക്ഷാ ക്രമീകരണങ്ങൾ: എയർഹോൺ ഉപയോഗം, വേഗപ്പൂട്ട് (സ്പീഡ് ഗവർണർ), കൃത്യമായ വിവരങ്ങളില്ലാത്ത ടിക്കറ്റ് വിതരണം.
ഫിറ്റ്‌നസ് ടെസ്റ്റിലെ ‘മാജിക്’ ഇനി നടക്കില്ല
ഫിറ്റ്‌നസ് പരിശോധനാ സമയത്ത് മാത്രം ബസുകൾ സർവകലാഭംഗിയോടെ എത്തിക്കുകയും, പാസായ ഉടൻ ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് തട്ടിക്കൂട്ട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന പ്രവണത സിറ്റി സർവീസുകളിൽ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കൺകെട്ടു വിദ്യകൾക്കെതിരെ കർശന നടപടിയുണ്ടാകും.
റോഡരികിലൂടെ പോകുന്ന കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളി വെള്ളം തെറിപ്പിച്ചു പായുന്ന ബസുകൾക്കെതിരെയും നടപടിയുണ്ടാകും. മെട്രോ നിർമാണം പൂർത്തിയായി റോഡ് നന്നാകുമ്പോൾ ബസുകളും നന്നാക്കാമെന്ന ചില ബസുടമകളുടെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം




