‘പൂക്കി സിഎമ്മിന്റെ’ വാക്കും പഴയ ചാക്കും ഒരുപോലെ…. പെൻഷൻ പ്രായം കൂട്ടിയാൽ തെരുവിൽ നേരിടുമെന്ന്’…… ഡിവൈഎഫ്ഐ സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തുവിട്ട ധവളപത്രം യുവജനങ്ങൾക്കിടയിലും വിവിധ മേഖലകളിലും കടുത്ത ആശങ്കയാണ് ഉയർത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിൽ സാധ്യതകളെ പൂർണ്ണമായി തകർക്കുന്ന നീക്കങ്ങളാണ് ഇതിലുള്ളതെന്നും, പി.എസ്.സി പരീക്ഷ എഴുതി ജോലി കാത്തുനിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പെൻഷൻ പ്രായം ഉയർത്തണമെന്ന ധവളപത്രത്തിലെ നിർദ്ദേശം ഇടിത്തീയായി മാറുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പെൻഷൻ പ്രായം ഉയർത്താനുള്ള ഏതൊരു നീക്കവുമായി സർക്കാർ മുന്നോട്ട് പോയാലും അതിനെതിരെ അതിശക്തമായ പ്രതിഷേധം ഡി.വൈ.എഫ്.ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് വി.കെ. സനോജ് മുന്നറിയിപ്പ് നൽകി. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതോട് കൂടി നിലവിലുള്ള ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകുമെന്നും ഇത് യുവാക്കൾക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് കഴിഞ്ഞ 10 വർഷക്കാലത്തെ എൽ.ഡി.എഫ് ഭരണത്തിലാണെന്ന് സനോജ് അവകാശപ്പെട്ടു. മുൻപ് യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോഴൊക്കെയും കടുത്ത യുവജന വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. പുതിയ സർക്കാർ വീണ്ടും അത്തരം യുവജന വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോയാൽ അതിനെ തെരുവിൽ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുൻപ് നൽകിയ വാഗ്ദാനങ്ങളെ വി.കെ. സനോജ് കടുത്ത ഭാഷയിൽ പരിഹസിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ‘നികുതി ഭീകരത’ എന്ന് നിരന്തരം ആക്ഷേപിച്ച വി.ഡി. സതീശൻ ഇപ്പോൾ അധികാരം കിട്ടിയപ്പോൾ ജനങ്ങൾക്ക് മേലുള്ള നികുതി കുറയ്ക്കാൻ തയ്യാറാകുമോ എന്നും സനോജ് ചോദിച്ചു. ഭരണം കിട്ടി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന ആളായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമർശിച്ചു.



