ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം…. മുൻ ബിജെപി സ്ഥാനാർത്ഥി പ്രഭാവതി പിടിയിൽ

പാലക്കാട്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മുൻ ബി.ജെ.പി സ്ഥാനാർത്ഥി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17-ാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന പ്രഭാവതിയെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ പോലീസ് പിടികൂടിയത്.

കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ ഇവർ മോഷ്ടിച്ചെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭാരവാഹികൾ ഉടൻ തന്നെ നെന്മാറ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ക്ഷേത്രത്തിലെയും പരിസരത്തെയും നിരീക്ഷണ ക്യാമറകൾ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് മോഷണം നടത്തിയത് പ്രഭാവതിയാണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മുൻപും പല തട്ടിപ്പ് കേസുകളിലും പ്രതിയായ വ്യക്തിയാണ് പ്രഭാവതിയെന്ന് പോലീസ് വ്യക്തമാക്കുന്നു. 2020-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ഇവർ മത്സരിച്ചിരുന്നു. ഇതുകൂടാതെ, മുക്കുപണ്ടം നൽകി പണം തട്ടിയ കേസിലും ഇവർ പ്രതിയാണെന്ന് നെന്മാറ പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Related Articles

Back to top button