ഡൽഹിയിൽ വൻ തീപിടിത്തം…. ഹോട്ടലിലുണ്ടായ അപകടത്തിൽ 21 മരണം… മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യാ നഗറിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇവിടുത്തെ ‘ലെമൺ ഗ്രീൻ’ എന്ന അഞ്ച് നില ഹോട്ടലിലാണ് രാവിലെ 9 മണിയോടെ വലിയ രീതിയിൽ തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള റെസ്റ്റോറന്റിൽ നിന്നാണ് മുകളിലെ മുറികളിലേക്ക് തീ അതിവേഗം പടർന്നുപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ പൂർണമായി അണച്ച ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപകട സമയം ഹോട്ടലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ സ്വദേശികളായിരുന്നുവെന്നാണ് റിപ്പോർട്ട്. തീ പടർന്നതോടെ ശ്വാസം മുട്ടിയും പൊള്ളലേറ്റും രക്ഷപ്പെടാനായി പലരും ഹോട്ടലിന്റെ മുകളിലത്തെ നിലകളിലെ ജനാലകളിൽ നിന്നും താഴേക്ക് എടുത്തുചാടുകയായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിലെ 25 മുറികളിലായി ഏകദേശം 40 ഓളം പേർ അപകടസമയത്ത് ഉണ്ടായിരുന്നു എന്നാണ് നിഗമനം. ദുരന്തമുണ്ടായ ‘ലെമൺ ഗ്രീൻ’ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്ന ഗുരുതര വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലൈസൻസ് പ്രകാരം വെറും 6 മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രമായിരുന്നു ഹോട്ടലിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് അഞ്ച് നിലകളിലായി 25 മുറികളാണ് ഹോട്ടലിൽ സജ്ജീകരിച്ചിരുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ഭീതിജനകമായ ഈ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും, വിവരം ലഭിച്ച ഉടൻതന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാലാണ് നിരവധിപേരെ അടിയന്തരമായി ഒഴിപ്പിക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



