ഭരണമാറ്റത്തിന്റെ പേരിൽ ഈ അനീതി ന്യായീകരിക്കരുത്…. സ്ഥലംമാറ്റങ്ങൾ റദ്ദാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണം…. പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായുമാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നതെന്നും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഉത്തരവുകൾ റദ്ദാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലംമാറ്റത്തിൽ വ്യക്തമായ വ്യവസ്ഥാപിത രീതികൾ ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ഓർമ്മിപ്പിച്ചു. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ച ഉദ്യോഗസ്ഥർ ആരായാലും അതെല്ലാം ‘പൊതുതാത്പര്യപ്രകാരം’ എന്നാണ് എഴുതിവെച്ചിരിക്കുന്നത്. പൊതുതാത്പര്യം നിശ്ചയിക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്? ഇത്തരം ഉത്തരവുകൾ പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് കണ്ടതുകൊണ്ടാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) ഇവ സ്റ്റേ ചെയ്യുന്ന സാഹചര്യം ഉണ്ടായത് എന്നും പിണറായി വിജയൻ പറഞ്ഞു.
വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തി സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചവർ വരെയുണ്ടെന്നും അത്തരം ആളുകൾക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയിട്ടുള്ള എല്ലാ സ്ഥലംമാറ്റങ്ങളും അടിയന്തരമായി പുനഃപരിശോധിക്കണം. ചില സ്ഥാപിത താത്പര്യക്കാരെ അഴിഞ്ഞാടാൻ വിട്ടാൽ ജനതാത്‌പര്യം സംരക്ഷിക്കാൻ കഴിയില്ല. ഈ രീതിയാണ് തുടരുന്നതെങ്കിൽ അധികാരത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാരും ദല്ലാളന്മാരും അധികാരം സ്ഥാപിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം തെറ്റായ രീതികളെ ഭരണമാറ്റത്തിന്റെ പേരിൽ ന്യായീകരിക്കുന്നത് ശരിയല്ല. ഈ അനീതിക്കെതിരെ ജീവനക്കാർ പ്രക്ഷോഭ രംഗത്ത് വന്നുകഴിഞ്ഞു. ഇത് സർക്കാർ ഒരു മുന്നറിയിപ്പായി കാണണം. ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടായിരത്തോളം ജീവനക്കാരെയാണ് ഇത്തരത്തിൽ ചട്ടവിരുദ്ധമായി സ്ഥലം മാറ്റിയിട്ടുള്ളതെന്നും പിണറായി വിജയൻ സഭയെ ഓർമിപ്പിച്ചു.



