‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസ്…. അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു…..

കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ചിത്രത്തിൽ കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദേവിക ലാൽ എറണാകുളം എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകിയത്.
വ്യക്തിവിവര മോഷണക്കുറ്റം ചുമത്തിയാണ് കേസെടുക്കുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ മാർട്ടിൻ പ്രക്കാട്ട്, സഹനിർമ്മാതാക്കൾ എന്നിവർക്ക് പുറമെ പ്രമുഖ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്, മെറ്റ കമ്പനി, വാട്സ്ആപ്പ് എന്നിവരെയും കേസിൽ പ്രതികളാക്കും.
സിനിമയിൽ ഈ മൊബൈൽ നമ്പർ പ്രദർശിപ്പിച്ചതിന് പിന്നാലെ പരാതിക്കാരനായ കണ്ണൂർ സ്വദേശിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വരാൻ തുടങ്ങി. ഇത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിച്ചതായി പരാതിയിൽ പറയുന്നു. കോടതിയിൽ പരാതിക്കാരന് വേണ്ടി അഭിഭാഷകരായ ടി. സുകേഷ് റോയ്, മീര മേനാൻ, എ. ആർ. ദിവ്യ എന്നിവരാണ് ഹാജരായി വാദമുഖങ്ങൾ ഉയർത്തിയത്. സിനിമക്കാരുടെ അശ്രദ്ധ മൂലം ഒരു സാധാരണക്കാരന്റെ സ്വകാര്യതയും സമാധാനവും നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് ഇപ്പോൾ കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്.



