ആർത്തവത്തിന് മുൻപ് മുഖക്കുരു വരാറുണ്ടോ? ഇതാണ് കാര്യം

ആർത്തവത്തിന് മുൻപായി മുഖക്കുരു വരാറുണ്ടോ? ഇത് പലരെയും അലട്ടുന്ന ഒന്നാണ്. ആർത്തത്തിന് മുൻപുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് ഈ മുഖക്കുരുവുന് പിന്നിൽ. ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ആൻഡ്രോജന്റെ പ്രവർത്തനം കൂടുകയും ചെയ്യുന്നു. ഈ ഹോർമോൺ മാറ്റം ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സെബം എന്നറിയപ്പെടുന്ന എണ്ണമയം കൂടുതൽ ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു.

ഇത് ചർമത്തിലെ മൃതകോശങ്ങളുമായും ബാക്ടീരിയകളുമായും കലരുമ്പോൾ ചർമ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് പല സ്ത്രീകൾക്കും ആർത്തവത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ചെറിയ കുരുക്കൾ, വൈറ്റ്‌ഹെഡ്‌സ്, അല്ലെങ്കിൽ വേദനയേറിയ വലിയ മുഖക്കുരുക്കൾ എന്നിവ ഉണ്ടാകുന്നത്.

ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു സാധാരണയായി മുഖത്തിന്റെ താഴത്തെ ഭാഗങ്ങളായ താടിയെല്ല്, താടി, കവിളുകൾ എന്നിവയ്ക്ക് ചുറ്റുമാണ് ഉണ്ടാകാറ്. ഈ പാറ്റേൺ ഹോർമോൺ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദ​ഗ്ധ‍ർ പറയുന്നു. കൃത്യമായ ചർമ സംരക്ഷണം പിന്തുടരുന്ന സ്ത്രീകളിൽ പോലും ഇത്തരം മുഖക്കുരുക്കൾ ഉണ്ടായേക്കാം.

ജീവിതശൈലി മുഖക്കുരു കൂടാൻ കാരണമാകും
ആർത്തവകാലത്തെ മുഖക്കുരുവിന് കാരണം ഹോർമോണുകൾ മാത്രമായിരിക്കണമെന്നില്ല. ചില ജീവിതശൈലീ ഘടകങ്ങൾ ആർത്തവത്തിന് തൊട്ടുമുമ്പ് ഈ ചർമ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസിക സമ്മർദ്ദം. സമ്മർദ്ദം കൂടുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ചർമത്തിലെ എണ്ണമയവും വീക്കവും വർധിപ്പിക്കും.

ഉറക്കമില്ലായ്മ, ശരീരത്തിൽ ജലാംശം കുറയുന്നത്, മോശം ഭക്ഷണക്രമം, മധുരം അമിതമായി കഴിക്കുന്നത് എന്നിവയെല്ലാം മുഖക്കുരു ട്രി​ഗർ ചെയ്യാം. ആർത്തവത്തിന് തൊട്ടുമുമ്പ് ചർമം കൂടുതൽ സെൻസിറ്റീവ് ആകാറുണ്ട്. ഈ സമയത്ത് വീര്യമേറിയ സ്കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും മുഖം അമിതമായി ഉരച്ചു കഴുകുന്നതും കൂടുതൽ ദോഷം ചെയ്യും.

മുഖക്കുരുവിനൊപ്പം ഈ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ ശ്രദ്ധിക്കണം

ക്രമരഹിതമായ ആർത്തവം, മുഖത്ത് അമിത രോമം വളർച്ച, പെട്ടെന്ന് ശരീരഭാരം കൂടുക, മുടി കൊഴിച്ചിൽ ഈ ലക്ഷണങ്ങൾ പിസിഒഎസ്, തൈറോയ്ഡ് പ്രശ്നങ്ങൾ അല്ലെങ്കിൽ ആൻഡ്രോജൻ ഹോർമോണിന്റെ അളവ് കൂടുന്നത് എന്നിവയുടെ സൂചനയാകാം.

ആർത്തവത്തിന് മുമ്പുള്ള മുഖക്കുരു എങ്ങനെ നിയന്ത്രിക്കാം?

ഹോർമോൺ മുഖക്കുരു കുറക്കുന്നതിനായി ചർമ സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് വിദഗ്ദർ നിർദേശിക്കുന്നത്.

  • ചർമത്തിന് അനുയോജ്യമായ, സുഷിരങ്ങൾ അടയ്ക്കാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
  • മുഖം അമിതമായി ഉരച്ചു കഴുകാതെ, മൃദുവായി പതിവായി വൃത്തിയാക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
  • അമിതമായി മധുരമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • മാനസിക സമ്മർദ്ദം കുറക്കുക.
  • കൃത്യമായി ഉറങ്ങുക.

Related Articles

Back to top button