ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യാത്രകൾ സ്മാർട്ടാക്കാം; വഴിവിളക്കായി ഓഫ്ലൈൻ ആപ്പുകൾ

യാത്രകളെ പ്രണയിക്കുന്നവർ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ വില്ലനാണ് പെട്ടെന്ന് നഷ്ടമാകുന്ന മൊബൈൽ നെറ്റ്വർക്ക് കണക്റ്റിവിറ്റി. അപരിചിതമായ സ്ഥലങ്ങളിൽ കൃത്യമായ നാവിഗേഷനും വിവരങ്ങളും നൽകാൻ ഫോണിൽ നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും, ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിൽ ഇവ പലപ്പോഴും നിഷ്ക്രിയമാകാറുണ്ട്. ഈ പ്രതിസന്ധി മൂലം വഴിയറിയാതെ യാത്രകൾ വഴിമുട്ടിയ അനുഭവങ്ങൾ ഭൂരിഭാഗം സഞ്ചാരികൾക്കുമുണ്ടാകും. എന്നാൽ, മൊബൈൽ ഡാറ്റയോ വൈഫൈ കണക്ഷനോ ഇല്ലെങ്കിലും ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന ചില മികച്ച ഓഫ്ലൈൻ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ഇവ മുൻകൂട്ടി ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഏത് ഉൾപ്രദേശങ്ങളിലും തികച്ചും ‘ടെൻഷൻ ഫ്രീ’ ആയി സുരക്ഷിത യാത്ര ആസ്വദിക്കാൻ സാധിക്കും.
- ഗൂഗിൾ മാപ്സ് (Google Maps – Offline Mode)
യാത്രക്കാർക്ക് ഏറെ പരിചിതമായ ഗൂഗിൾ മാപ്സിൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ മാപ്പ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. നമ്മൾ പോകുന്ന നഗരത്തിന്റെയോ പ്രദേശത്തിന്റെയോ മാപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ സേവ് ചെയ്താൽ, ഇന്റർനെറ്റ് ഇല്ലെങ്കിലും നാവിഗേഷൻ, കൃത്യമായ ദിശാസൂചനകൾ, സ്ഥലങ്ങൾ തെരയൽ എന്നിവയെല്ലാം ഓഫ്ലൈനായി തന്നെ പ്രവർത്തിക്കും. മൊബൈൽ സിഗ്നൽ അടിക്കടി നഷ്ടപ്പെടുന്ന വലിയ നഗരങ്ങൾ ചുറ്റിക്കാണാൻ ഇത് ഏറെ സഹായകരമാണ്.
- മാപ്സ്.മി (Maps.me)
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിലേക്കും കാടുകളിലേക്കും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ആപ്പാണിത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ നടക്കാനും സൈക്കിൾ ചവിട്ടാനും വാഹനം ഓടിക്കാനുമുള്ള വിശദമായ വഴികൾ ഈ ആപ്പ് നൽകുന്നു. പ്രധാനപ്പെട്ട റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇതിൽ ഓഫ്ലൈനായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഫോണിന്റെ മെമ്മറി അധികം കവരാത്ത ലൈറ്റ് വെയ്റ്റ് ആപ്പായതിനാൽ ബഡ്ജറ്റ് ഫോണുകളിലും ആപ്പ് നന്നായി പ്രവർത്തിക്കും.
- ഹിയർ വിഗോ (HERE WeGo)
നൂറിലധികം രാജ്യങ്ങളിലെ ഓഫ്ലൈൻ മാപ്പുകളും നാവിഗേഷനും നൽകുന്ന ആപ്പാണിത്. മാപ്പുകൾ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ മൊബൈൽ ഡാറ്റ ഇല്ലെങ്കിലും ‘ടേൺ-ബൈ-ടേൺ’ (Turn-by-turn) ദിശാസൂചനകൾ ഇതിലൂടെ ലഭ്യമാകും. പല പ്രമുഖ നഗരങ്ങളിലെയും പൊതുഗതാഗത റൂട്ടുകളും യാത്രാസമയവും വരെ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഈ ആപ്പിൽ അറിയാൻ സാധിക്കും. ദീർഘദൂര റോഡ് യാത്രകൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്.
- ഓസ്മാൻഡ് (OsmAnd)
‘ഓപ്പൺ സ്ട്രീറ്റ് മാപ്പ്’ ഡാറ്റയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഓഫ്ലൈൻ നാവിഗേഷൻ ആപ്പാണിത്. ഓഫ്ലൈൻ മാപ്പുകൾക്ക് പുറമെ ജിപിഎസ് നാവിഗേഷൻ, വനങ്ങളിലെയും മലകളിലെയും കാൽനടപ്പാതകൾ എന്നിവയും ഇതിൽ നിന്ന് അറിയാൻ കഴിയും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ഭൂപ്രകൃതിയുടെ ഉയർച്ചതാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കുമെന്നതിനാൽ ട്രെക്കിംഗ് നടത്തുന്നവർക്കും സൈക്കിൾ യാത്രക്കാർക്കും സാഹസിക സഞ്ചാരികൾക്കും ഇത് ഏറെ അനുയോജ്യമാണ് ഈ ആപ്പ്.
- ഗൂഗിൾ ട്രാൻസ്ലേറ്റ് (Google Translate – Offline Mode)
അപരിചിതമായ സ്ഥലങ്ങളിൽ ഭാഷാ ബുദ്ധിമുട്ടുകൾ മറികടക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ ഓഫ്ലൈൻ ഫീച്ചർ സഹായിക്കും. തങ്ങൾക്ക് ആവശ്യമുള്ള ഭാഷകളുടെ ‘ലാംഗ്വേജ് പാക്കുകൾ’ (Language packs) മുൻകൂട്ടി ഡൗൺലോഡ് ചെയ്താൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ വാക്കുകളും വാചകങ്ങളും വിവർത്തനം ചെയ്യാം. ചില ഭാഷകളിൽ ഓഫ്ലൈൻ മോഡിൽ തന്നെ വോയ്സ് ഇൻപുട്ടും ക്യാമറ ഉപയോഗിച്ചുള്ള ട്രാൻസ്ലേഷനും (ക്യാമറ ബോർഡുകൾക്ക് നേരെ പിടിച്ച് അർത്ഥം മനസ്സിലാക്കുന്നത്) ഈ ആപ്പിൽ ലഭിക്കും.
- ട്രയൽ വാലറ്റ് (Trail Wallet)
യാത്രകൾക്കിടയിലെ ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്യാൻ സഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ലളിതമായ ഓഫ്ലൈൻ ആപ്പാണിത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ദിവസേനയുള്ള ചെലവുകൾ രേഖപ്പെടുത്താനും അവയെ വിവിധ കാറ്റഗറികളായി തിരിക്കാനും ബഡ്ജറ്റ് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഒന്നിലധികം കറൻസികളെ പിന്തുണയ്ക്കുന്ന ഈ ആപ്പ്, ഓഫ്ലൈൻ ആയിരിക്കുമ്പോൾ തന്നെ കറൻസി മൂല്യങ്ങൾ മാറ്റാനും സഹായിക്കും.




