കെഎസ്ആർടിസിയിലേക്ക് പിഎസ്സി വിളിക്കാൻ വഴിതെളിയുന്നു… നടപടികൾ സ്വീകരിക്കാൻ ഗതാഗത വകുപ്പിൻ്റെ തീരുമാനം…

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒഴിവുകളിലേക്ക് പിഎസ്സി മുഖേന നിയമന നടപടികൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനം. ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കെഎസ്ആർടിസി സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. യോഗത്തിൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ, സേവന വിപുലീകരണം, ഭരണ – സാമ്പത്തിക കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടു.
ജനകീയവും ആധുനികവുമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആർടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കൾ ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ, ആശ്രിത നിയമന നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നൽകി. കെഎസ്ആർടിസിയുടെ സർവീസ് വ്യാപനത്തിനും സാമ്പത്തിക – ഭരണ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി വിവിധ തീരുമാനങ്ങളും കൈക്കൊണ്ടു.



