ക്ഷേത്ര പണം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് ഉപയോഗിച്ചു….. 75 ലക്ഷം ഭാരവാഹികൾ കയ്യിൽ നിന്ന് നികത്തണം…. ഹിന്ദു ഐക്യവേദി

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പരിപാടിക്ക് വെണ്ണല തൈയ്ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം രൂപ ടൈറ്റിൽ സ്പോൺസർഷിപ്പായി നൽകിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. ക്ഷേത്ര ഫണ്ട് വൻ തുക ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഫെബ്രുവരി 14-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണ് ആർ.വി ബാബുവിന്റെ ഈ കടുത്ത പ്രതികരണം. ക്ഷേത്രത്തിന്റെ ഫണ്ടുകൾ ക്ഷേത്ര കാര്യങ്ങൾക്കും ഭക്തജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന കോടതി വിധി നിലനിൽക്കുന്നുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഭാരവാഹികൾ വൻ തുക താര സംഘടനയ്ക്ക് കൈമാറിയതെന്ന് ആർ.വി ബാബു ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഭക്തർക്കിടയിലും ഹിന്ദു സംഘടനകൾക്കിടയിലും വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്.



