അമ്മ’യുടേത് പരദൂഷണ കമ്മിറ്റി, ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണം…. പൊട്ടിത്തെറിച്ച് മല്ലികാ സുകുമാരൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിലും വിവാദങ്ങളിലും രൂക്ഷവിമർശനവുമായി മുതിർന്ന നടി മല്ലികാ സുകുമാരൻ. നിലവിലെ ഭരണസമിതി വെറുമൊരു പരദൂഷണ കമ്മിറ്റിയായി മാറിയിരിക്കുകയാണെന്നും, സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മനുഷ്യർക്കും അവിടെ തുടരാൻ താല്പര്യമില്ലെന്നും അവർ തുറന്നടിച്ചു. പുറത്തിറങ്ങി നടക്കാൻ കഴിയാത്ത വിധം നാണക്കേടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിനാൽ നിലവിലെ ഭരണസമിതി അടിയന്തരമായി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് മല്ലികാ സുകുമാരൻ ആവശ്യപ്പെട്ടു.
നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മല്ലികാ സുകുമാരന്റെ പ്രതികരണം. മുൻപ് അൻസിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് നേരിട്ട് വന്ന് പറഞ്ഞയാളാണ് ടിനി ടോം എന്ന് മല്ലിക ഓർമ്മിപ്പിച്ചു. അൻസിബയുടെയും സരയുവിന്റെയും പേര് കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചതും ടിനി ടോം ആയിരുന്നു. എന്നാൽ ഇപ്പോൾ അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തിവെച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി നീനാ കുറുപ്പ് തന്റെ പക്കലുള്ള തെളിവുകൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
സംഘടനയുടെ സുതാര്യതയെ ചോദ്യം ചെയ്ത മല്ലികാ സുകുമാരൻ, ‘അമ്മ’ ഓഫീസിൽ എന്തിനാണ് ഇത്രയധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ചോദിച്ചു. കാര്യങ്ങളെല്ലാം ഒളിച്ചും പതുങ്ങിയും നടത്തുന്നതിൽ എന്ത് സുതാര്യതയാണുള്ളത്? സ്പോൺസർഷിപ്പ് വാങ്ങുമ്പോൾ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ തുറന്നു പറയണം. നിലവിൽ ‘അമ്മ’യിൽ നടക്കുന്നത് ധൂർത്താണെന്നും അവർ കുറ്റപ്പെടുത്തി. ഈ പദവികളിൽ ഇരുന്നാലും ഇല്ലെങ്കിലും ചില താരങ്ങളില്ലാതെ ഈ സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ല. മുതിർന്ന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മാറ്റുകയോ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യണമെന്നും മല്ലികാ സുകുമാരൻ ശക്തമായി ആവശ്യപ്പെട്ടു.
താരസംഘടനയായ ‘അമ്മ’യിലെ ഭാരവാഹികൾക്കെതിരെ അൻസിബ ഹസനും നീനാ കുറുപ്പും ഉന്നയിച്ച ആഭ്യന്തര പരാതികൾക്ക് പിന്നാലെ, മല്ലികാ സുകുമാരനെപ്പോലുള്ള ഒരു മുതിർന്ന താരം പരസ്യമായി രംഗത്തെത്തിയത് സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്. ഗ്രൂപ്പിസവും സുതാര്യതയില്ലായ്മയും സംഘടനയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിലേക്ക് വളർന്നുവെന്നാണ് മല്ലികയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന നേതൃത്വം ഉടൻ ഇടപെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയില്ലെങ്കിൽ, ‘അമ്മ’യുടെ വിശ്വാസ്യത പൂർണ്ണമായും തകരുമെന്ന മല്ലികാ സുകുമാരൻ പറഞ്ഞു.



