അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവം വ്യക്തിവൈരാഗ്യം… കസ്റ്റഡിയിലെടുത്ത യുവതികളിൽ ഒരാൾ വിഷം കഴിച്ചു

കൊല്ലം: അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തിന് പിന്നിൽ കടുത്ത വ്യക്തിവൈരാഗ്യമെന്ന് പോലീസ്. കേസിൽ രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതികളിലൊരാൾ സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സംഭവം നാടകീയമായ തിരിവിലേക്ക് എത്തിയിരിക്കുകയാണ്. വിഷം കഴിച്ച യുവതിയെ അടിയന്തരമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പുനലൂർ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകൾ കത്തിച്ചു ചാമ്പലാക്കിയത്. ബൈക്ക് കത്തിച്ചതിന് പിന്നാലെ വിവേകിന്റെ വീടിന്റെ ഭിത്തിയിൽ പ്രതികൾ കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. കൂടാതെ, വീട്ടുപരിസരത്ത് നിന്ന് പ്രതികൾ എഴുതിയതെന്ന് കരുതുന്ന കടുത്ത ഭീഷണി കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്.
‘ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ചുനാൾ ലീവെടുത്തതുൾപ്പെടെ നിന്റെ അടൂർ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങൾ അറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങൾ മറക്കില്ല, നീ സൂക്ഷിച്ചോ. നിന്റെ നാറിയ കഥകൾ ലോകം അറിയാൻ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാൻ കുറച്ചുനാളുകൾ മാത്രം.‘ – എന്നാണ് കത്തില് കുറിച്ചിരുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ഉണ്ടായ ആക്രമണമായതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. സംഭവസ്ഥലത്ത് പുനലൂർ എ.എസ്.പി നേരിട്ടെത്തി ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. വിവേകിന് മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലോ കോളേജ് കാലഘട്ടത്തിലോ ഉണ്ടായ മുൻവൈരാഗ്യമാണോ ഇതിന് പിന്നിലെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ള സ്ത്രീകളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെക്കുറിച്ചും കൃത്യമായ സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ പോലീസും കനത്ത ജാഗ്രതയിലാണ്



