‘എലത്തൂരിലെ തോൽവി, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റി’; വീഴ്ച സമ്മതിച്ച് എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടിയിലും എലത്തൂർ സീറ്റിലെ അപ്രതീക്ഷിത പരാജയത്തിലും പരസ്യമായി വീഴ്ച സമ്മതിച്ച് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ. ശശീന്ദ്രൻ. എലത്തൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ എൽ.ഡി.എഫിന്റെ തോൽവിയിൽ പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്.

എ.കെ. ശശീന്ദ്രൻ ‘എൻ.സി.പി പിളരില്ല’ എന്ന് ആവർത്തിക്കുമ്പോഴും പാർട്ടിയിൽ അഭിപ്രായ ഭിന്നതയും തർക്കങ്ങളും രൂക്ഷമാണ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് അടിയന്തര യോഗം ചേരുകയാണ്. സിറ്റിങ് സീറ്റായ എലത്തൂർ കൈവിട്ടുപോകാൻ കാരണം എ.കെ. ശശീന്ദ്രൻ വാശിപിടിച്ച് വീണ്ടും മത്സരിച്ചതാണെന്നാണ് ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ നിലപാട്. മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ജില്ലാ കമ്മിറ്റി മുൻപ് തന്നെ പ്രമേയം വഴി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ശശീന്ദ്രൻ ഇത് അവഗണിക്കുകയായിരുന്നുവെന്ന് വിമർശനമുയരുന്നു.

ദേശീയ തലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കേരളത്തിലെ എൻ.സി.പി കനത്ത പിളർപ്പിന്റെ നിഴലിലാണ്. എൻ.ഡി.എ മുന്നണിയിൽ തുടരണമെന്ന പി.സി. ചാക്കോ വിഭാഗത്തിന്റെ കർശന നിലപാടിനെതിരെ ശക്തമായ വിയോജിപ്പാണ് ശശീന്ദ്രൻ അനുകൂലികൾക്കുള്ളത്. ഇടതുപക്ഷ ചിന്താഗതി ഉയർത്തിപ്പിടിച്ച് പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കണമെന്നാണ് എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ ഒടുവിലത്തെ തീരുമാനം. ഇന്നത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ പുതിയ പാർട്ടി രൂപീകരണ നീക്കത്തിന് ഔദ്യോഗികമായി വലിയ പിന്തുണ ലഭിച്ചേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിലെ എൻ.സി.പി രണ്ട് ചേരികളായി തിരിഞ്ഞ് ഔദ്യോഗിക പിളർപ്പിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായി.

Related Articles

Back to top button