അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക അച്ചടി പൂർത്തിയായി…. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ അടിയന്തര യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിപ്പിച്ചു. നിലവിൽ ജില്ലാ ഹബ്ബുകളിലേക്കുള്ള പുസ്തകങ്ങളുടെ നീക്കം പുരോഗമിക്കുകയാണെന്നും മെയ് 30-ന് മുൻപായി എല്ലാ സ്കൂളുകളിലും പുസ്തകങ്ങൾ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും സീറ്റുകളുടെ കുറവുണ്ട് എന്നത് യാഥാർത്ഥ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനും പ്രവേശന നടപടികൾ വേഗത്തിലാക്കാനുമായി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സീറ്റ് ക്ഷാമം പരിഹരിക്കാൻ മാർജിനൽ സീറ്റ് വർധനവ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച ശേഷമായിരിക്കും അലോട്ട്‌മെന്റ് ആരംഭിക്കുക. ഇന്ന് തന്നെ പ്രവേശന നടപടികൾക്ക് തുടക്കം കുറിക്കും. സി.ബി.എസ്.ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനും സി.ബി.എസ്.ഇ ബോർഡിനുമാണ് പൂർണ്ണ ചുമതലയെങ്കിലും അത് ബാധിക്കുന്നത് നമ്മുടെ കുട്ടികളെയാണ്. മൂല്യനിർണ്ണയത്തിൽ കടുത്ത അശ്രദ്ധയും ജാഗ്രതക്കുറവും ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ ആശങ്കയും ബുദ്ധിമുട്ടും കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുനർമൂല്യനിർണ്ണയത്തിനുള്ള സമയം നീട്ടിനൽകണമെന്നും ഇതിനായി ഈടാക്കുന്ന ഭീമമായ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ‘പി.എം. ശ്രീ’ പദ്ധതിയോട് യു.ഡി.എഫ് സർക്കാരിന് രാഷ്ട്രീയപരമായ എതിർപ്പുണ്ടെന്ന് മന്ത്രി ഷംസുദ്ദീൻ തുറന്നുപറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിസന്ധിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പും വിദ്യാഭ്യാസവകുപ്പും പുറത്തിറക്കിയ രണ്ട് ഉത്തരവുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. ഈ പ്രശ്നത്തിന് ഇന്നത്തെ യോഗത്തിൽ പരിഹാരം കാണും. പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നുള്ള പ്രാദേശിക സമിതികൾ സ്കൂളുകളിൽ നേരിട്ട് പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കുന്ന രീതിയിലുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button