മലയിടംതുരുത്തിൽ നടന്നത് മിനി മുത്തങ്ങ…. യുഡിഎഫ് സർക്കാരിനെതിരെ എം.വി. ഗോവിന്ദൻ

കൊച്ചി: മലയിടംതുരുത്തിലെ പൊലീസ് നടപടിക്കെതിരെ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലയിടംതുരുത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് മുത്തങ്ങ സമരത്തിന്റെ മിനി പതിപ്പിനുള്ള ശ്രമമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സംഘർഷമുണ്ടായ മലയിടംതുരുത്ത് സന്ദർശിച്ച്, കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് വെറും മൂന്നാം നാളാണ് പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിന്റെ ക്രൂരമായ കടന്നാക്രമണം ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ശേഷിയുള്ള ഉന്നത വിഭാഗത്തിന് വേണ്ടി, കോടതി വിധിയുടെ മറപിടിച്ചാണ് പൊലീസ് പാവങ്ങളെ ആക്രമിച്ചതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. എന്തൊക്കെ സംഭവിച്ചാലും ഇടതുപക്ഷം ഈ കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയിടംതുരുത്തിൽ തലമുറകളായി താമസിക്കുന്ന കുടുംബങ്ങളെ ഇവിടെനിന്ന് ഇറക്കിവിടാൻ ഒരു കാരണവശാലും അനുവദിക്കില്ല. ഇടതുപക്ഷം ഇവർക്ക് പ്രതിരോധക്കോട്ട തീർക്കും. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ വീടില്ലാത്തവർക്ക് വീടും, പട്ടയമില്ലാത്തവർക്ക് പട്ടയവും നൽകി ജനങ്ങളെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. എന്നാൽ യുഡിഎഫ് വന്നതോടെ സ്ഥിതി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



