“രാഹുലിന്റെ ശത്രു സതീശന്റെ മിത്രമായി… ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സ്വന്തം കീശ ഏൽപ്പിച്ചു….. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ വി.ഡി. സതീശനെതിരെ എ.എ. റഹീം എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കടുത്ത ദുരൂഹത ആരോപിച്ച് രാജ്യസഭാംഗം എ.എ. റഹീം എംപി. രത്തൻ ഖേൽക്കറുടെ നിയമനം അങ്ങേയറ്റം സംശയാസ്പദമാണെന്നും ഇതിന് പിന്നിലെ അവിശുദ്ധ ബന്ധത്തെക്കുറിച്ച് എഐസിസിയും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമായ മറുപടി നൽകണമെന്നും റഹീം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സങ്കീർണ്ണമാക്കിയതിൽ ഖേൽക്കറുടെ ഇടപെടലുകൾ സംശയാസ്പദമാണ്. മുൻപ് എഐസിസിയും കെ.സി. വേണുഗോപാലും ഖേൽക്കർക്കെതിരെ ശക്തമായ നിലപാടെടുത്തവരാണെന്ന് റഹീം ഓർമ്മിപ്പിച്ചു. ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്ന വ്യക്തിക്കാണ് ഇപ്പോൾ സതീശൻ സ്വന്തം കീശ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ എന്താണ് ബന്ധമെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു.
എഐസിസി നേതൃത്വവും രാഹുൽ ഗാന്ധിയും ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ പോരാട്ടം നടത്തുമ്പോൾ, ഇവിടെ രാഹുലിന്റെ ശത്രു സതീശന്റെ മിത്രമായി മാറിയിരിക്കുകയാണ്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ കെ.സി. വേണുഗോപാലിനാകില്ല. ഒരു അവധി ദിവസമായ ഞായറാഴ്ച തന്നെ രത്തൻ ഖേൽക്കർ ചുമതലയേറ്റെടുക്കാൻ എന്തിനായിരുന്നു ഇത്ര ധൃതി കൂട്ടിയത്? ഇതിലൊന്നും ദുരൂഹതയില്ലെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. ഖേൽക്കർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് തന്നെ മുൻപ് ആരോപിച്ചിട്ടുള്ളതാണ്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടുകളെ മറികടന്നുകൊണ്ടാണ് സതീശൻ ഇപ്പോൾ ഈ നിയമനം നടത്തിയിരിക്കുന്നത്.
ബംഗാളിലെ തിരഞ്ഞെടുപ്പ് നിയമനങ്ങളെ എതിർത്തവർ കേരളത്തിലെ ഈ നിയമനത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് റഹീം ആവശ്യപ്പെട്ടു. എസ്ഐആറുമായി ബന്ധപ്പെട്ട് ചില ശക്തമായ സംശയങ്ങളുണ്ടെന്നും എൽഡിഎഫ് ഇതിന്റെ പിന്നാലെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലും കേരളത്തിലും നടക്കുന്നത് ഒരേ കാര്യങ്ങളാണ്. സതീശനും ഖേൽക്കറും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. വി.ഡി. സതീശൻ നീതിമാനാണെങ്കിൽ ഇതിന് യുക്തിസഹമായ വിശദീകരണം നൽകാൻ തയ്യാറാകണമെന്നും, വരും ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് ഇതിൽ ഒരുപാട് മറുപടികൾ പറയേണ്ടി വരുമെന്നും എ.എ. റഹീം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ മുസ്ലിം ലീഗും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



